- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്; വാർഡു തല ലോക്ഡൗൺ ഗുണകരമാകുമെന്നും പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്.
ഒരാളിൽനിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആർ ഘടകം ഒരാഴ്ചയ്ക്കിടെ 0.96ൽ നിന്ന് 1.5 ആയി ഉയർന്നു. ഓണത്തിനു ശേഷം ആർ 2 വരെ ഉയരാമെന്നു നേരത്തേ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഈ സ്ഥിതിയുണ്ടാകാത്തത് ആശ്വാസമാണ്.
ഈയാഴ്ച ഇതു വീണ്ടും ഉയർന്നില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്നു റിപ്പോർട്ട് പ്രവചിക്കുന്നു. എന്നാൽ, 73% പേർക്ക് ഒരു ഡോസും 27% പേർക്കു 2 ഡോസും വാക്‌സീൻ ലഭിച്ചതിനാൽ ആശുപത്രികളിൽ ഗുരുതര രോഗികളുടെ തിരക്കുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഡെൽറ്റ വകഭേദത്തിന് ഇൻക്യുബേഷൻ പീരിയഡ് കുറഞ്ഞ് 6 ദിവസമായി. ഓണക്കാലത്തെ ഇടപഴകൽ മൂലം പരമാവധി 3 ഇൻക്യുബേഷൻ പീരിയഡിനാണു സാധ്യത. ഇത് പത്താം തീയതിയോടെ അവസാനിക്കും.
ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഓണത്തിനു ശേഷം 24% വർധനയാണ് ഉണ്ടായത്. നിലവിൽ വടക്കൻ ജില്ലകളിലാണു രോഗവ്യാപനം കൂടുതലെങ്കിലും ആർ ഘടകം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വർധിച്ചത്. വരും ദിവസങ്ങളിൽ ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കൂടും. ഇനി വാർഡുതലത്തിലെ രോഗികളുടെ എണ്ണം അനുസരിച്ച് ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനാണ് തീരുമാനം.
കോർപ്പറേഷൻ, നഗരസഭ എന്നിവിടങ്ങളിൽ നിലവിൽ വാർഡുതലത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. എന്നാൽ, ഒരാഴ്ചക്കാലത്തെ ജനസംഖ്യാനുപാത പ്രതിവാരരോഗ നിരക്ക് (ഡബ്ലു.ഐ.പി.ആർ.) ഏഴിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പൂർണ ലോക്ഡൗണാണ്. ഇനിമുതൽ ഗ്രാമപ്പഞ്ചായത്ത് വാർഡുതലത്തിൽ കോവിഡ് പരിശോധനാവിവരങ്ങൾ ശേഖരിക്കും.

