ക്വീൻസ്ലാന്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിച്ചു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിനുള്ള നിയമം മാർച്ചിൽ ക്വീൻസ്ലാന്റ് പാർലമെന്റിൽ പാസായിരുന്നു.

പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.പ്ലാസ്റ്റിക് സ്‌ട്രോകൾ, സ്പൂണുകൾ, പ്‌ളേറ്റുകൾ, കപ്പുകൾ, ബൗളുകൾ, പോളിസ്റ്റിറീൻ ഫോം കൊണ്ടുള്ള കണ്ടെയ്‌നറുകൾ എന്നിവയ്ക്കാണ് നിരോധനം.

അടുത്ത ഒരു മാസത്തിൽ നിയമ ലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം ഈ പദ്ധതിയുടെ വിശദശാംശങ്ങൾ വീണ്ടും ഇവരെ അറിയിക്കും.ഇതിന് ശേഷം നിയമം ലംഘിച്ചാൽ ബിസിനസുകളിൽ നിന്ന് കഠിന പിഴ ഈടാക്കും.

എന്നാൽ ഡിസബിലിറ്റി കേന്ദ്രങ്ങൾ, ഡെന്റൽ ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഭിന്നശേഷിക്കാർക്കും, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്കും പ്ലാസ്റ്റിക്ക് കൊണ്ടുള്ള പാത്രങ്ങളും മറ്റും ഉപയോഗിക്കേണ്ടതിന്റെ ആവശ്യം കണക്കിലെടുത്താണ് ഇത്.