- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂഥി കലാപകാരികളുടെ ആക്രമണ ശ്രമങ്ങൾ; എട്ട് പേർക്ക് പരിക്കേറ്റു
അബഹ (ദക്ഷിണ സൗദി): സൗദിയുടെ ദക്ഷിണ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അബഹ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ യമനിലെ ഹൂഥി കലാപകാരികളുടെ ആക്രമണ ശ്രമം വീണ്ടും. ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിൽ രണ്ട് നേരങ്ങളിലായി നടന്ന വിഫല ആക്രമണം സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനവും ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു. സൗദിയുടെ നേതൃത്വത്തിൽ യമനിൽ ഹൂഥികൾക്ക് എതിരെ സൈനിക നീക്കം നടത്തുന്ന അറബ് സഖ്യസേന വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ.
ഒടുവിലത്തെ ആക്രമണം ചൊവാഴ്ച പുലർച്ചെ ആളില്ലാ വിമാനം ഉപയോഗിച്ചായിരുന്നു. ഇതാകട്ടെ, ഇരുപത്തിനാല് മണിക്കൂറിനിടയിലെ സമാനമായ രണ്ടാമത്തെ ആക്രമണ നീക്കമായിരുന്നു. ഇതിന് മുമ്പ് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചും അബഹ വിമാനത്താവളം തകർക്കാൻ ഹൂഥികൾ നീക്കം നടത്തിയിരുന്നു.
ചൊവാഴ്ചയിലെ ആക്രമണം വിമാനത്താളത്തിലുണ്ടായിരുന്ന ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ വരുത്തി വെക്കുകയും എട്ട് സാധാരണക്കാർക്ക് പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്തുവെന്നതൊഴിച്ചാൽ മറ്റൊരു നാശനഷ്ടവും ഉണ്ടാക്കിയില്ല. ആളില്ലാ വിമാനവും മിസൈലും സഖ്യസേനയുടെ പ്രതിരോധ സംവിധാനത്തിൽ ലക്ഷ്യം കാണാതെ നിലംപതിക്കുകയായിരുന്നു. അബഹ വിമാനത്താവളം തകർക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ആളില്ലാ വിമാനത്തെ ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കുകയും തകർത്തിടുകയുമായിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ മൂലം റൺവേ തടസ്സപ്പെട്ടതിനാൽ കുറച്ചു നേരം വിമാനത്താവളം അടച്ചിടേണ്ടി വന്നെങ്കിലും വൈകാതെ സർവീസ് പുനഃസ്ഥാപിക്കുകയും ചെയ്തതായും സഖ്യസേന പ്രസ്താവന വെളിപ്പെടുത്തി.
സംഭവത്തിൽ പരിക്കേറ്റവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.
പൊതുജന സേവന കേന്ദ്രമായ വിമാനത്താവളത്തിലേക്കുള്ള ആക്രമണം യഥാർത്ഥ യുദ്ധക്കുറ്റമാണെന്ന് അറബ് സഖ്യസേനയും അതിലെ അംഗരാഷ്ട്രങ്ങൾ ഒറ്റക്കും പരാതിപ്പെട്ടു. ഇറാൻ നൽകുന്ന സർവ പിന്തുണയോടെയുമാണ് ഹൂഥികളുടെ സൈനിക നീക്കങ്ങളും കലാപവും.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ സൗദി അതിർത്തി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇടക്കിടെയുള്ള ഹൂഥി ആക്രമണങ്ങൾ ഉണ്ടാവുകയാണ്. തിങ്കളാഴ്ച വൈകീട്ട് സൗദിയിലെ മറ്റൊരു ദക്ഷിണ അതിർത്തി നഗരമായ നജ്റാൻ ലക്ഷ്യമാക്കി ഹൂഥികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഞായറാഴ്ചയാകട്ടെ, അബഹയോടെ ചേർന്ന ഖമീസ് മുഷൈത്തിലേയ്ക്ക് സ്ഫോടക വസ്തുക്കൾ നിറച്ച മൂന്ന് ആളില്ലാ വിമാനങ്ങൾ പറന്നെത്തിയിരുന്നു. അവയും ലക്ഷ്യത്തിലെത്തും മുമ്പേ വീഴ്‌ത്തുകയായിരുന്നു. ഹൂഥികളുടെ തുടരെത്തുടരെയുള്ള ആക്രമണങ്ങളെല്ലാം സൗദിയുടെയും സഖ്യസേനയുടെയും വ്യോമ പ്രതിരോധ സംവിധാനം നിഷ്ഫലമാകുകയാണുണ്ടായത്.
വർഷങ്ങളായി തുടരുന്ന യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയും അവിടെ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനുമായി ഐക്യരാഷ്ട്ര സഭയുടെയും പാശ്ചാത്യ, അറബ് രാഷ്ട്രങ്ങളുടെയും നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് അവ തകിടം മറിക്കുകയെന്ന ഉദ്യേശത്തോടും കൂടിയുള്ള ഇറാൻ അനുകൂല ഹൂഥികളുടെ അപലപനീയമായ നീക്കങ്ങൾ.