തിരുവനന്തപുരം: മിനിസ്റ്റർ അങ്കിളിന് ഒരുപാട് താങ്ക്സ്... ആന്റണി രാജു അങ്കിൾ ഫോൺ തന്നു, റോഷി അങ്കിൾ ഇപ്പൊ വെള്ളവും... അച്ഛന് ഇനി വെള്ളം ചുമന്നു കൊണ്ടു വരുന്ന ബുദ്ധിമുട്ട് ഒഴിവായല്ലോ... വഞ്ചിയൂരിലെ സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായ ഐഎസ് സുധീപിന്റെ വാക്കുകളിൽ നിറഞ്ഞത് മന്ത്രിമാരോടുള്ള സ്നേഹം. നിഷ്‌കളങ്കമായി സംസാരിക്കുന്ന സുധീപിനെ ചേർത്തു പിടിച്ചു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു, മോൻ നന്നായി പഠിച്ചാൽ മതി. സൗകര്യങ്ങൾ ഞങ്ങൾ ഒരുക്കിത്തന്നോളാം...

ജലവിഭവ വകുപ്പും എഞ്ചിനിയേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളാ വാട്ടർ അഥോറിറ്റിയും റോട്ടറി ഇന്റർനാഷണലും സംയുക്തമായി നടപ്പാക്കുന്ന 'സ്നേഹ തീർത്ഥം' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് കരുതലിന്റെ വേദിയായത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ സംസാരിച്ച പിതാവിന്റെ വേദനയാണ് അത്തരം കുട്ടികളുടെ കുടുംബത്തിന് സൗജന്യ കുടിവെള്ള കണക്ഷൻ എന്ന ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സ്നേഹം പകർന്നു നൽകിയാൽ പോലും തിരിച്ചറിയാനാകാത്ത കുട്ടികളാണ് ഇവർ. അവരുടെ ചികിത്സയ്ക്കു തന്നെ ഭാരിച്ച ചെലവാണ്. പലർക്കും കുടിവെള്ള കണക്ഷൻ ഇല്ല. ഒരുപാട് ദൂരത്തു നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ചുമന്നു കൊണ്ടു വരുന്നത്. ഇതെല്ലാം അറിഞ്ഞപ്പോൾ ഈ കുട്ടികൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. നിയമസഭയിൽ ജലവിഭവ വകുപ്പിന്റെ ഡിമാൻഡ് ഡേ ചർച്ചയിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന് പദ്ധതി നടപ്പിലാക്കാൻ തയാറായി ജലവിഭവ വകുപ്പിലെ എഞ്ചിനിയർമാരുടെ സംഘടനയായ ഇഎഫ്കെഡബ്ല്യു രംഗത്തു വരികയായിരുന്നു. റോട്ടറി ക്ലബും സഹകരിക്കാൻ തീരുമാനിച്ചതോടെ പദ്ധതി യാഥാർത്ഥ്യമാവുകയായിരുന്നു. വാട്ടർ അഥോറിറ്റിയിലെ എഞ്ചിനിയർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പദ്ധതിയോട് അനുഭാവ പൂർണമായ സമീപനം സ്വീകരിച്ചത് ജലവിഭവ വകുപ്പിനെ സാധാരണക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കൂടുതൽ അടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി തന്റെ ശമ്പളത്തിൽ നിന്ന് 25000 രൂപയും ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ സംഘടനയ്ക്ക് കൈമാറി.

ചടങ്ങിൽ ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിച്ചു. സ്നേഹ തീർത്ഥം പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ നൽകിയ വഞ്ചിയൂരിലെ സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായ ഐഎസ് സുധീപിന്റെയും വെട്ടുകാട് സ്വദേശിയും സെറിബ്രൽ പാൾസി രോഗബാധിതനായ ജയ്സൺ ബിജോയിയുടെയും വീടുകൾ മന്ത്രിമാരായ റോഷി അഗസ്റ്റിനും സ്ഥലം എംഎൽഎ കൂടിയായ അഡ്വ. ആന്റണി രാജുവും സന്ദർശിച്ചു.

കേരളത്തിൽ ഭിന്നശേഷിക്കാരായ ആയിരത്തോളം നിർധന കുടുംബങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. അയ്യായിരം മുതൽ പതിനായിരും രൂപ വരെയാണ് ഒരു കണക്ഷന് വേണ്ടി വരുന്നത്. റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇത്തരം കണക്ഷനുകൾക്ക് വാട്ടർ ചാർജും ഒഴിവാക്കി നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മറ്റു ജില്ലകളിലും യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതി.

വെട്ടുകാട് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോട്ടറി 3211 ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ ലോഗോ പ്രകാശനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം മെട്രോപോളിസ് പ്രസിഡന്റ് ടി. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇഎഫ്കെഡബ്ല്യൂഎ വർക്കിങ് പ്രസിഡന്റ് വി എസ് കൃഷ്ണകുമാർ, കേരള വാട്ടർ അഥോറിറ്റി എംഡി വെങ്കിടേശപതി എസ് ഐഎഎസ്, ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ, സി.ഷാജി, കെ. അലക്സ്, ഫാ. ജോർജ് ഗോമസ്, പ്രകാശ് ഇടിക്കുള, സലിൻ പീറ്റർ, എസ്. രഞ്ജീവ്, പി. ബിജു, എ. സുജാത എന്നിവർ പ്രസംഗിച്ചു.