തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ മലയാളികൾ ആറ്റുകാൽ ക്ഷേത്രത്തിൽ വിവാഹിതരായി. ഹൂഗ്ലി അഡീഷനൽ എസ്‌പി ഐശ്വര്യ സാഗറിനെ പൂർബ ബർധമാൻ ജില്ലയിലെ അസിസ്റ്റന്റ് കലക്ടർ വിഷ്ണുദാസാണ് താലികെട്ടി സ്വന്തമാക്കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിനു സമീപം സ്വാതി നഗർ ഐശ്വര്യയിൽ കെ.എസ്.സാഗറിന്റെയും ലേഖയുടെയും മകളാണ് ഐശ്വര്യ. സിവിൽ സർവീസ് പാസായി ഐപിഎസ് നേടിയ ഐശ്വര്യ ഹൂഗ്ലി അഡീഷനൽ എസ്‌പിയായി നിയമിതയാകുക ആയിരുന്നു. പൊലീസ് സേനയുടെ പരിശീലനവും പരേഡുമൊക്കെ ഇഷ്ട കാഴ്ചകളായിരുന്നു. അങ്ങനെയാണ് ഐപിഎസ് ആഗ്രഹമുണ്ടാകുന്നത്.

സ്‌കൂൾ പഠന ശേഷം ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്നാണു സിവിൽ സർവീസ് പരീക്ഷ എഴുതിയത്. മൂർഷിദാബാദിൽ എഎസ്‌പി ആയിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോൾ ഹൂഗ്ലിയിൽ.

മൂവാറ്റുപുഴ ഊരമന മഞ്ഞപ്പള്ളിക്കാട്ടിൽ എം.സി.ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. കോഴിക്കോട് എൻഐടിയിൽ നിന്നു ബിടെക്കും ഡൽഹി ഐഐടിയിൽ നിന്ന് എംടെക്കും നേടിയ ശേഷം സിവിൽ സർവീസ് പരീക്ഷ എഴുതി. മണിപ്പുർ കേഡറിലായിരുന്നു നിയമനം. ഐശ്വര്യയെ ജീവിതസഖിയാക്കാൻ തീരുമാനിച്ചതോടെ ബംഗാളിൽ നിയമനം നേടി. ഇരുവരുടെയും പൊതു സുഹൃത്താണു വിവാഹത്തിനു വഴി തെളിച്ചത്.