തിരുവനന്തപുരം: ദേശീയപാതയോരത്തെ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ഫീസ് അഞ്ച് ശതമാനമായി വർദ്ധിപ്പിച്ചു. ഇനി പുതിയതായി ഇന്ധന പമ്പ്, ചാർജിങ് സ്റ്റേഷൻ, വാണിജ്യ കെട്ടിടം എന്നിവ നിർമ്മിക്കുമ്പോൾ ദേശീയപാത അഥോറിറ്റിക്ക് അഞ്ച് ശതമാനം അധിക ഫീസ് നൽകണം. ഓരോ വർഷവും വർധന വരുത്തണമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചിരുന്നു.

ദേശീയപാതയോരത്തു കെട്ടിടം നിർമ്മിക്കാനുള്ള മാർഗരേഖ 2020ൽ കേന്ദ്രം പുതുക്കിയപ്പോൾ 2.5 ലക്ഷം രൂപയായിരുന്നു ഫീസ്. ഇതു 2,62500 രൂപയായാണു വർധിപ്പിച്ചത്. ഈ വർഷം അപേക്ഷിക്കുന്നവരും, ഒരു വർഷത്തേക്കുള്ള താൽകാലിക അനുമതി ഈ വർഷം നേടിയവരും അന്തിമാനുമതി നേടുമ്പോൾ പുതുക്കിയ ഫീസ് നൽകേണ്ടിവരും. ഇന്ധന പമ്പോ, ചാർജിങ് സ്റ്റേഷനോ ആണു നിർമ്മിക്കുന്നതെങ്കിൽ നിർമ്മാണത്തിനു താൽകാലിക അനുമതി ലഭിക്കുമ്പോൾ 2.5 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായും നൽകണം. അന്തിമാനുമതി ലഭിക്കുമ്പോൾ ബാങ്ക് ഗ്യാരന്റി തിരിച്ചുനൽകും.

ദേശീയപാതയിലേക്കു വഴിയിട്ട് അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചാൽ ഈടാക്കുന്ന പിഴത്തുകയും 5% വർധിപ്പിച്ചു. രണ്ടരലക്ഷം രൂപയായിരുന്നു നിലവിലെ പിഴ. അപേക്ഷക്കൊപ്പം പ്രോസസിങ് ഫീസായി 10000 രൂപയും താൽകാലിക അനുമതി ലഭിക്കുമ്പോൾ 20000 രൂപയും നൽകണം.

ദേശീയപാതയിലേക്കു ബന്ധിപ്പിച്ചു പുതിയ റോഡ് നിർമ്മിക്കുമ്പോഴും ബാങ്ക് ഗ്യാരന്റി ഒഴികെയുള്ള ഫീസുകൾ അടയ്ക്കണം. വീട്, ചെറിയ കട, കൃഷിസ്ഥലം എന്നിവയിലേക്കുള്ള പ്രവേശനത്തിനു ഫീസില്ല. ദേശീയപാതാ അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ദേശീയപാതകളിൽ 2013 മുതൽ മാർഗരേഖ നടപ്പാക്കുന്നുണ്ട്.