ചേർത്തല: ജോലിക്ക് നിന്ന സ്ഥാപനത്തിന്റെ ഉടമ വായ്പയ്ക്ക് ജാമ്യം നിർത്തി ചതിച്ചതോടെ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ ചേർത്തല സ്വദേശികളായ എഴുപതുകാരൻ രാജപ്പനും ഭാര്യ വിലാസിനിയും. ഏതുനിമിഷവും ഇവരുടെ കിടപ്പാടത്തിനു പൂട്ടുവീഴും. ഇതിനായുള്ള നിയമനടപടി അന്തിമഘട്ടത്തിലെത്തിയതോടെ ആശങ്കയിൽ നീറുകയാണ് ഈ കുടുംബം.

മകളുടെ വിവാഹത്തിനായി ബാങ്കിൽ സ്ഥലം പണയപ്പെടുത്തിയെടുത്ത രണ്ടുലക്ഷം രൂപയുടെ ബാധ്യത നിലനിൽക്കുമ്പോഴാണു മറ്റൊരാൾക്കു ജാമ്യംനിന്നതിന്റെ 2,32,711 രൂപയുടെ ബാധ്യതയും ഇവരിലായത്. ചേർത്തല കോടംതുരുത്തു ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡു കായിക്കരനികർത്ത് രാജപ്പനും ഭാര്യ വിലാസിനിയുമാണു ചതിക്കപ്പെട്ടത്. കൊടുംചതിയിൽ കുടുങ്ങിയതോടെ വീടും സ്ഥലവും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇരുവരും.

ഹൃദയാഘാതത്തെ തുടർന്നു വീട്ടിലിരിപ്പാണു രാജപ്പൻ. ചെമ്മീൻ പീലിങ്ങിനുപോയാണു വിലാസിനി കുടുംബംപുലർത്തുന്നത്. സ്വകാര്യ പണമിടപാടുസ്ഥാപനം വസ്തു ലേലത്തിൽവിറ്റു തുകയീടാക്കുന്നതിനു കോടതിയിൽ അപേക്ഷിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ 15-നു ചേർത്തല സബ്‌കോടതിയിൽ ഹാജരാകാനാണു നോട്ടീസ് ലഭിച്ചിരിക്കുന്നത്.

തട്ടിപ്പിനെപ്പറ്റി ഇവർ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: 14 വർഷംമുൻപ് കുത്തിയതോട്ടിലെ ചെമ്മീൻവളർത്തൽ കേന്ദ്രത്തിൽ പണിക്കുചെന്നതായിരുന്നു രാജപ്പൻ. അതിന്റെ നടത്തിപ്പുകാരൻ കോഴിക്കോടു സ്വദേശിയായിരുന്നു. അയാൾ രാജപ്പനെ എറണാകുളത്തെ സ്ഥാപനത്തിലെത്തിച്ചു കടലാസിൽ ഒപ്പിട്ടുവാങ്ങി.

വീടിരിക്കുന്ന സ്ഥലം പണയപ്പെടുത്തി 50,000 രൂപയും അയാൾ കൈക്കലാക്കി. ഈ ബാധ്യതയൊഴിവാക്കിയതു വീടിനോടുചേർന്നുള്ള നാലുസെന്റ് വിറ്റായിരുന്നു. ഇനിയുള്ളത് ഒൻപതു സെന്റാണ്. ഒരുകൊല്ലംമുൻപ് കോടതിയിൽനിന്നു വാറന്റെത്തിയപ്പോഴാണ് അതും കേസിലാണെന്ന കാര്യമറിയുന്നത്.

എറണാകുളത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്ന് കോഴിക്കോടു സ്വദേശിയെടുത്ത വായ്പ, തിരിച്ചുപിടിക്കാൻ സ്ഥാപനംനടത്തിയ കേസിലാണു നാലാംസാക്ഷിയായ രാജപ്പൻ കുടുങ്ങിയത്. വായ്പക്കാരനിൽനിന്നു തുക ഈടാക്കാനാകാതെ വന്നതോടെ ജാമ്യക്കാരിൽ സ്ഥലമുള്ള രാജപ്പനു ബാധ്യത വന്നുചേർന്നു.

മനുഷ്യാവകാശ പ്രവർത്തകരെന്നു പറഞ്ഞെത്തിയവർ മകളുടെ വിവാഹത്തിനു സഹായം നൽകാമെന്നുപറഞ്ഞ് കരമടച്ച രസീതടക്കം വാങ്ങിയിരുന്നു. ഇതും ചതിയായിരുന്നെന്നു ഇവർനൽകിയ പരാതിയിൽ പറയുന്നു.