- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ജില്ലകളിലെ പ്ലസ് വൺ; തിങ്ങി നിറഞ്ഞിരുന്നു പഠിക്കാൻ സർക്കാർ കനിയണമെന്നില്ല :- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം : മലബാർ ജില്ലകളിൽ രൂക്ഷമായി തുടരുന്ന ഹയർസെക്കൻഡറി മേഖലയിലെ സീറ്റ് പ്രതിസന്ധി ആനുപാതികമായ സീറ്റ് വർധനവ് കൊണ്ട് മറികടക്കാമെന്ന മന്ത്രിസഭാ തീരുമാനം വർഷങ്ങളായി പ്രയോഗിച്ച് വരുന്ന പൊടിക്കൈ പരിഹാരം മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ വിവേചനങ്ങളെ താൽകാലിക പരിഹാര ഫോർമുലയിലൂടെ മറക്കാൻ നടത്തുന്ന ഇത്തരം നടപടികൾ പഠനാവസരം നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുന്നതല്ല എന്നതാണ് അനുഭവങ്ങൾ.
ഒരു ക്ലാസ്സിൽ പരമാവധി 50 കുട്ടികൾ മാത്രം പഠിക്കേണ്ടിടത്ത് അറുപതും എഴുപതും വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞു പഠിക്കേണ്ടി വരുമെന്ന യാഥാർഥ്യത്തെ ശെരി വച്ചാണ് വിദ്യാർത്ഥികളോട് സർക്കാർ ഈ വഞ്ചന തുടരുന്നത്. 2014-15 കാലയളവിൽ അനുവദിക്കപ്പെട്ട ബാച്ചുകളിൽ തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന 40 ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് അനുവദിക്കുമെന്ന തീരുമാനവും നടപ്പിലാക്കാനുള്ള നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ആനുപാതികമായ സീറ്റ് വർദ്ധനവ് എന്നത് മാറി മാറി വന്ന മുഴുവൻ സർക്കാറുകളും സ്വീകരിക്കാറുള്ള പൊടിക്കൈ പരിഹാര തുടർച്ച മാത്രമാണ്.മലബാർ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ ഹൈസ്‌ക്കൂളുകൾ ഹയർ സെക്കണ്ടറി ആയി ഉയർത്തിയും പുതിയ കോഴ്സ് ബാച്ചുകൾ അനുവദിച്ചു കൊണ്ടുമാണ് വർഷങ്ങളായി തുടരുന്ന ഈ അനീതി അവസാനിപ്പിക്കേണ്ടത്.
മലബാറിലെ വിദ്യാർത്ഥികൾ ഓരോ ക്ലാസ് മുറികളിലും തിങ്ങി നിറഞ്ഞ് പഠിക്കേണ്ട ഗതികേട് അനുഭവിക്കാൻ സർക്കാർ കനിയണം എന്നില്ല. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഹയർസെക്കണ്ടറി, ഉന്നത പഠന മേഖല എന്നിവിടങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന പ്രകടമായ നീതി നിഷേധത്തിനെതിരെ വിദ്യാഭ്യാസ അവകാശ സമരവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ട് പോകും. ലാത്തി കൊണ്ടും കേസുകൾ കൊണ്ടും ഭീഷണികൾ കൊണ്ടും എത്ര തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും വിദ്യാഭ്യാസ അവകാശം പൂർണമായും നേടിയെടുക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങളുമായി ഈ ചെറുപ്പം തെരുവിൽ തന്നെയുണ്ടാകുമെന്നും പത്രക്കുറിപ്പിൽ കൂട്ടിചേർത്തു.