- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴീക്കൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രിമാർ; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ; അടിയന്തര ധനസഹായം കൈമാറി; മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാർ സന്ദർശിച്ചു
ആലപ്പുഴ: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയൊരുക്കും. മത്സ്യത്തൊഴിലാളികൾക്കുണ്ടായ മറ്റ് നഷ്ടങ്ങളും പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് എല്ലാ വിധ സഹായവും സർക്കാർ നൽകും.
മരണമടഞ്ഞവരുടെ കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റവർക്കും അടിയന്തര ധനസഹായം കൈമാറി. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ ചേർന്നാണ് ധനസഹായം കൈമാറിയത്. മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടത് പ്രകാരം സംസ്ഥാന മത്സ്യഫെഡ് മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപയും പരുക്കേറ്റവർക്ക് അയ്യായിരം രൂപയുമാണ് അടിയന്തരമായി കൈമാറിയത്.
ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിട്ടുള്ള മരിച്ചയാളുടെ കുടുംബത്തിന് മത്സ്യബോർഡ് പതിനായിരം രൂപയും മരിച്ച മറ്റ് മൂന്ന് പേരുടെ കുടുംബത്തിന് അയ്യായിരം രൂപയും കൈമാറി. മരണമടഞ്ഞ പുത്തൻകോട്ടയിൽ സുദേവൻ, പാനോലിൽ ശ്രീകുമാർ, പറത്തറയിൽ സുനിൽദത്ത്, നെടിയത്ത് തങ്കപ്പൻ എന്നിവരുടെ വീടുകളിലെത്തി മന്ത്രിമാർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അഡ്വ.എ.എം. ആരിഫ് എംപി., പി.പി. ചിത്തരഞ്ജൻ എംഎൽഎ., ജില്ല കളക്ടർ എ. അലക്സാണ്ടർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ എന്നിവർ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.