കുറവിലങ്ങാട്: ഫ്രിജിൽ നിന്നും ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടെ ഫ്രിജിനു പിന്നിൽ ഒളിച്ച കുഞ്ഞാണ്് ഷോക്കേറ്റു മരിച്ചത്. ഷോക്കേറ്റ് വീണ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണക്കാരി വാവനാട്ടുകുളങ്ങര അലലിന്റെയും ശ്രുതിയുടെയും മകൾ റൂത്ത് മറിയം അലൽ ആണ് മരിച്ചത്. ശ്രുതിയുടെ കുടുംബവീടായ വെമ്പള്ളി കദളിക്കാട്ടിൽ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 12നായിരുന്നു ദാരുണമായ അപകടം.

അലലും ശ്രുതിയും ജോലിക്കു പോകുമ്പോൾ മക്കളെ കുടുംബ വീട്ടിൽ നിർത്താറാണ് പതിവ്. ടൈൽ ജോലികൾ കരാറെടുത്തു ചെയ്യുകയാണ് അലൽ. ശ്രുതി അതിരമ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ജോലിക്കാരിയാണ്. മക്കളായ സേറയെയും (7) റൂത്തിനെയും എന്നത്തെയും പോലെ വെമ്പള്ളിയിലെ വീട്ടിലാക്കിയിട്ടാണ് പോയത്. മറ്റു കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിജിന്റെ പിന്നിൽ ഒളിച്ച റൂത്തിന് ഷോക്കേൽക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

ശ്രുതിയുടെ പിതാവ് പത്രോസും മാതാവ് സുമയും ഷോക്കേറ്റു വീണ കുഞ്ഞിനെയുമെടുത്ത് വീട്ടുമുറ്റത്തെത്തി ഉറക്കെ നിലവിളിച്ച് സഹായം തേടി. അയൽവാസികൾ ഓടിയെത്തി ഉടനെ തന്നെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിജിന്റെ എർത്ത് കേബിളിൽനിന്ന് വൈദ്യുതി പ്രസരിക്കുന്നതായി കണ്ടെത്തി. കുറവിലങ്ങാട് പൊലീസും എത്തി അന്വേഷണം നടത്തി.