അബുദാബി: വിദേശങ്ങളിൽ നിന്ന് അബുദാബിയിലെത്തുന്നവർക്കുള്ള യാത്രാ നിബന്ധനകൾ അബുദാബി സർ്ക്കാർ പുതുക്കി. വിദേശങ്ങളിൽ നിന്നും എത്തുന്ന രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം അഞ്ചു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, സന്ദർശകർ തുടങ്ങിയ എല്ലാവർക്കുമുള്ള യാത്രാ നിബന്ധനകളാണ് പുതുക്കിയത്.

അബുദാബിയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അതേസമയം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള വാക്‌സീൻ സ്വീകരിക്കാത്ത യാത്രക്കാർ നിർബന്ധമായും 10 ദിവസം ക്വാറന്റീനിൽ കഴിയണം. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള വാക്‌സീൻ സ്വീകരിച്ച യാത്രക്കാർ അബുദാബിയിലെത്തിയാൽ ക്വാറന്റീൻ വേണ്ടെങ്കിലും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. കൂടാതെ, അബുദാബിയിൽ കഴിയുന്നതിന്റെ ആറാം ദിവസവും പിസിആർ പരിശോധന നടത്തണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്‌സീൻ സ്വീകരിച്ചവർ അബുദാബിയിലെത്തിയാൽ ക്വാറന്റീൻ വേണ്ടെങ്കിലും പിസിആർ പരിശോധന നടത്തേണ്ടതാണ്. കൂടാതെ, നാല്, എട്ട് ദിവസങ്ങളിലും പരിശോധന നടത്തണം.

വാക്‌സീൻ സ്വീകരിക്കാത്ത ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യക്കാർ അബുദാബിയിലെത്തുമ്പോൾ പിസിആർ പരിശോധന നടത്തണം, ക്വാറന്റീൻ ആവശ്യമില്ല. കൂടാതെ, ആറ്, ഒൻപത് ദിവസങ്ങളിലും പരിശോധനയ്ക്ക് വിധേയരാകണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്‌സീൻ സ്വീകരിക്കാത്ത സ്വദേശികൾ, പ്രവാസികൾ, സന്ദർശകർ തുടങ്ങിയവർ അബുദാബിയിലെത്തിയാൽ പിസിആർ പരിശോധന നടത്തണം. ഇവർ 10 ദിവസം ക്വാറന്റീനിൽ കഴിയുകയും ഒൻപതാം ദിവസം പിസിആർ പരിശോധന നടത്തുകയും വേണം. അതേസമയം ഇന്ത്യ ഇതുവരെ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ട് ഇന്ത്യക്കാർക്ക് ഈ നിയമങ്ങളൊക്കെ ബാധകം.

അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങൾ
അബുദാബിയുടെ ഗ്രീൻ ലിസറ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ: അൽബേനിയ, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈൻ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, കോമറോസ്, ക്രയേഷ്യ, സൈപ്രസ്, ചെക് റിപബ്ലിക്, ഡെന്മാർക്ക്, ഫിൻലൻഡ്, ജർമനി, ഗ്രീസ് ,ഹോംഗ്‌കോങ്, ഹംഗറി, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈത്ത്, കിർഗിസ്ഥാൻ, ലക്‌സംബർഗ്, മാൽദ്വീപ്, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, മൊറോകോ, നെതർലൻഡ്‌സ്, ന്യൂസിലാൻഡ്, നോർവെ, ഒമാൻ, പോളണ്ട്, പോർചുഗൽ, ഖത്തർ, റിപബ്ലിക് ഓഫ് അയർലൻഡ്, റൊമാനിയ, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, ഷൈസെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, തെക്കൻ കൊറിയ, സ്വീഡൻ, സ്വിറ്റ് സർലൻഡ്, തൈവാൻ, തജികിസ്ഥാൻ, തുർക്ക് മെനിസ്ഥാൻ, യുക്രെയിൻ.