ന്യൂഡൽഹി: തലസ്ഥാനനഗരിയിൽ ഭൂമാഫിയയെ തുരത്തിയ മലയാളി ഉദ്യോഗസ്ഥന്റെ ഭരണ പരിഷ്‌ക്കാരം ശ്രദ്ധേയമാകുന്നു. ഭൂമിയുടെ നിയന്ത്രണാധികാരമുള്ള ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റിക്ക് (ഡി.ഡി.എ.) കീഴിൽ 'ഇഡ്‌ലി' ആപ്പ് രൂപകത്പന ചെയ്ത് നടപ്പിലാക്കിയ ഭരണപരിഷ്‌കാരമാണ് ഭൂമാഫിയയെ തുരത്തി ഇടപാടുകൾ സുതാര്യമാക്കിയത്.

ഭൂമിയിടപാടുകൾ സുതാര്യമാക്കാനായി ഡി.ഡി.എ. ഭൂവിഭാഗം കമ്മിഷണർ സുബുറഹ്മാൻ ആവിഷ്‌കരിച്ച 'ഇന്ററാക്ടീവ് ഡിസ്പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ' (ഇഡ്ലി) സംവിധാനമാണ് ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങുന്ന അവസ്ഥയ്ക്കു മാറ്റംവരുത്തി. ഭൂമാഫിയയുടെ ഇടപെടലുംമാറി. ഭൂമിയുടെ ഇ-ലേലമടക്കം നടപ്പാക്കി ഡി.ഡി.എ.യ്ക്ക് കോടികളുടെ വരുമാനവും ലഭിച്ചു.

2016-ലാണ് വർക്കല സ്വദേശി സുബു ഡി.ഡി.എ.യിൽ ഭൂവിനിയോഗവിഭാഗം കമ്മിഷണറായി ചുമതലേറ്റത്. ആ സമയം ഇടപാടുകൾ മുഴുവൻ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭൂമാഫിയ നിയന്ത്രിക്കുന്ന സ്ഥിതിയായിരുന്നു ഡൽഹിയിൽ. ഭൂമി വിൽക്കാനും വാങ്ങാനുമൊക്കെ വരുന്നവർക്ക് ഇടനിലക്കാരില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ല. ഇതിന് അന്ത്യംകുറിക്കാനുള്ള വഴിയെക്കുറിച്ച് ചിന്തിച്ചപ്പോൾ ഉരുത്തിരിഞ്ഞ ആശയമാണ് 'ഇഡ്ലി'. ബെംഗളൂരു ഐ.ഐ.എമ്മിൽ പഠിച്ചിറങ്ങിയ സുബു സ്വന്തമായി ഒരു സോഫ്റ്റ്‌വേറിനു രൂപംനൽകുകയായിരുന്നു.

ആദ്യഘട്ടമായി ഡി.ഡി.എ.യിലെ ഭൂവിനിയോഗ ഫയലുകൾ മുഴുവൻ കംപ്യൂട്ടർവത്കരിച്ചു. ഒരാൾ അപേക്ഷ നൽകിയാൽ ഫയൽനീക്കം അതു കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥർക്കെല്ലാം കംപ്യൂട്ടർ വഴി നിരീക്ഷിക്കാനും നടപടികൾ തത്സമയം പൂർത്തിയാക്കാനും കഴിയുന്നതരത്തിലാക്കി. ഫയലുകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്കു 90 ദിവസത്തെ സമയക്രമം നിശ്ചയിച്ചു. പണമടച്ച വിവരങ്ങളും ഫയലിന്റെ അംഗീകാരവും എത്രത്തോളം നടപ്പാക്കിയെന്നുമൊക്കെ അറിയാം. ഫയൽനീക്കത്തെക്കുറിച്ച് അപേക്ഷകർക്കും വിവരങ്ങൾ ലഭ്യമാക്കും. അപേക്ഷകർക്കും ഫയൽ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥർക്കും ഒ.ടി.പി. വഴി മാത്രമേ ആപ്പിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.

ഇഡ്ലി ഉദ്ഘാടനംചെയ്തത് കഴിഞ്ഞ വർഷമാണ്. ഡി.ഡി.എ. ഭൂമി ഇ-ലേലം നടത്തുകയെന്ന വെല്ലുവിളിയും സുബു ഏറ്റെടുത്തു. ചുമതലയേൽക്കുമ്പോൾ ഡി.ഡി.എ.യുടെ ആസ്തി 5000 കോടിയായിരുന്നത് കോവിഡ് പ്രതിസന്ധിക്കിടയിലും ഇപ്പോൾ 9000-ത്തിലേറെ കോടിയായി.

ഫയലുകളും മറ്റും കാണാവുന്നത് ഡി.ഡി.എ.യിൽ പതിവായിരുന്നു. അപേക്ഷകരുടെ പരാതി കണ്ടും കേട്ടും മടുത്തു. അങ്ങനെയാണ് ഇത്തരത്തിലൊരു ആപ്പ് തുടങ്ങിയതെന്ന് സുബുറഹ്മാൻ പറഞ്ഞു. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മനോഭാവംതന്നെ മാറ്റിയെടുക്കാനും സാധിച്ചു. ഡി.ഡി.എ.യിലെ ചരിത്രനേട്ടത്തിനുശേഷം ഇപ്പോൾ റെയിൽവേ ബോർഡിൽ പ്രിൻസിപ്പൽ ഡയറക്ടറാണ് അദ്ദേഹം.