പത്തനംതിട്ട: പത്തനംതിട്ട വിട്ട് കൊല്ലം ജില്ലയിലേക്ക് പ്രവർത്തനം മാറ്റി മുൻ ലോക്സഭാംഗവും സിപിഐ. പത്തനംതിട്ട ജില്ലാ എക്‌സിക്യുട്ടീവംഗവുമായിരുന്ന ചെങ്ങറ സുരേന്ദ്രൻ. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് പത്തനംതിട്ടയിൽനിന്ന് കൊല്ലത്തേക്കുള്ള മാറ്റം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കൊട്ടാരക്കരയിലാകും തുടർന്നുള്ള സ്ഥിരതാമസവും.

അടൂരിൽനിന്ന് രണ്ടുതവണ എംപി.യായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചെങ്ങറ, നിലവിൽ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയായിരുന്നു. പ്രവർത്തനമേഖല മാറുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പാർട്ടി പദവികൾ അദ്ദേഹം ഒഴിഞ്ഞു. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി സ്ഥാനവും കൈമാറി. 1998-ലാണ് ചെങ്ങറ സുരേന്ദ്രൻ അടൂർ ലോക്സഭാ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുന്നത്. ആദ്യമത്സരത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തി ശ്രദ്ധേയനായി.

1999-ൽ കൊടിക്കുന്നിലിനോട് പരാജയപ്പെട്ടു. 2004-ലെ പോരാട്ടത്തിൽ വിജയിച്ചു. 2014-ൽ മാവേലിക്കര ലോക്സഭാമണ്ഡലത്തിൽ മത്സരത്തിനിറങ്ങി. കൊടിക്കുന്നിൽ തന്നെയായിരുന്നു ഇവിടെയും എതിരാളി. ഫലം കൊടിക്കുന്നിലിന് അനുകൂലമായി. തട്ടകം മാറിയെത്തിയ ചെങ്ങറ സുരേന്ദ്രനെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. േട്രഡ് യൂണിയനിലും ഭാരവാഹിത്വം നൽകി.