ലണ്ടൻ: ഡ്യുട്ടിക്കിടയിൽ മുങ്ങിയ ഡോക്ടറെ അന്വേഷിച്ചു നടന്ന സഹപ്രവർത്തകർ കണ്ടത് ഒരു ബെഞ്ചിൽ കിടന്നുറങ്ങുന്നത്. ഉണർത്താനുള്ള ശ്രമങ്ങൾ പാഴായപ്പോൾ കാര്യം മുകളിലെക്ക് റിപ്പോർട്ട് ചെയ്തു. അതോടെ ഈ ഡോക്ടറുടെ പണി തെറിക്കുകയും ചെയ്തിരിക്കുന്നു. 2017- ൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയായിരുന്നു മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യുണൽ സർവീസ് നടപടിയെടുത്തത്. തനിക്കെതിരെ വന്ന നടപടി നീതിയുക്തമല്ലെന്ന് ആരോപിച്ച ഡോക്ടർ ഇപ്പോൾ വിധിക്കെതിരെ അപ്പീൽ പോകാൻ ഒരുങ്ങുകയാണ്.

ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ഫെയർഫീൽഡ് ആശുപത്രിയിലെ ആംബുലൻസ് ആൻഡ് എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ ഡോ. റൈസാ സവാട്ടി എന്ന 33 കാരിയാണ് കഥയിലെ നായിക. നിറയെ രോഗികൾ കാത്തിരിക്കുന്ന സമയത്തായിരുന്നു ഇവർ ഡ്യുട്ടിയിൽ നിന്നും മുങ്ങി ഉറങ്ങാൻ പോയത്. അതിനുപുറമേ നിരവധി ആരോപണങ്ങളും ഇവർക്കെതിരെ ഉയർന്നിരുന്നു. 2017-ൽ ഡ്യുട്ടി സമയത്ത് ആശുപത്രിയിലെ ഒരു ഇരുണ്ട മുറിയിലെ ബെഞ്ചിൽ ഇവർ ഉറങ്ങുന്നത് പിടിക്കപ്പെടുന്നതിനു മുൻപ്, ഒരു കൺസൾട്ടന്റിനായി ഓഡിറ്റ് വർക്ക് നടത്താനുണ്ടെന്ന് അവകാശപ്പെട്ട് അവർ തീയറ്ററിൽ നിന്നും നേരത്തേ പോകുവാനുള്ള അനുമതി ചോദിച്ചിരുന്നു.

ഒരു നഴ്സിങ് ഹോമിൽ ശ്വസതടസ്സം മൂലം മരണമടഞ്ഞ ഒരു രോഗിയുടെ ചികിത്സയുടെ കാര്യത്തിലും ഇവർ വീഴ്‌ച്ച വരുത്തിയതായി പരാതി ഉയർന്നിരുന്നു. അതുകോടാതെ ഹൃദ്രോഗം ബാധിച്ച ഒരു 10 വയസ്സുകാരന്റെ ചികിത്സയുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങളുണ്ട്. സഹപ്രവർത്തകരോട് സ്റ്റഡി ലീവ് എന്ന് കള്ളം പറഞ്ഞ് ഡ്യുട്ടിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക അതുപോലെ ജോലിക്കായുള്ള ഒരു അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു കള്ളം പറഞ്ഞു എന്നിങ്ങനെയുള്ള ആരോപണങ്ങളും ഇവർക്കെതിരെയുണ്ട്.

സ്വഭാവം ദൂഷ്യം, സത്യസന്ധത ഇല്ലായ്മ, തൊഴിലിൽ വീഴ്‌ച്ച വരുത്തുക എന്നീ മൂന്ന് കുറ്റങ്ങളാണ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യുണൽ ഇവരിൽ കണ്ടെത്തിയത്. ഈ സംഭവത്തിനു ശേഷം ഫൗണ്ടേഷൻ ഇയർ കോമ്പിറ്റൻസി പാസ്സായ ഇവർ ഇപ്പോൾ ട്രിബ്യുണലിന്റെ തീരുമാനത്തിനെതിരെ അപ്പീലിന് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗ്ലാസ്ഗോയിലെ ഡംബർക്കിൽ താമസിച്ചിരുന്ന ഇവർ 2012-ൽ മാഞ്ചസ്റ്ററിൽ നിന്നാണ് മെഡിസിനിൽ ബിരുദമെടുക്കുന്നത്. 2015-ൽ മഞ്ചസ്റ്ററിലെ റോയൽ ഇൻഫേമറിയിൽ ജോലിചെയ്യുമ്പോൾ അനസ്തെറ്റിക് ഡിപ്പാർട്ട്മെന്റിലെ ഒരു മുറിയിൽ ഉച്ചയ്ക്ക് ഒരുമണിക്ക് ലൈറ്റുകൾ അണച്ച് കിടന്നുറങ്ങുന്നതായി കാണപ്പെട്ടിരുന്നു. അന്ന് അവർ തന്റെ പെരുമാറ്റത്തിന് മാപ്പ്പറഞ്ഞിരുന്നെങ്കിലും ഉറങ്ങുകയായിരുന്നു എന്ന് സമ്മതിച്ചില്ല.

തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു ഡോക്ടർ എന്നനിലയിൽ സമ്മർദ്ദമേറിയ തൊഴിലാണ് താൻ ചെയ്യുന്നതെന്നും ഇവർ പറയുന്നു. മാത്രമല്ല, താൻ ഇപ്പോഴും പരിശീലനത്തിലാണെന്നും ഒരു സമ്പൂർണ്ണ മെഡിക്കൽ പ്രാക്ടീഷണറല്ല എന്നും ഇവർ പറയുന്നു. ഈ വിധി തന്റെ ഭാവിയെ തകർക്കുന്നതാണെന്നും അതുകൊണ്ടു തന്നെ അപ്പീലിന് പോകുമെന്നും ഇവർ അറിയിച്ചു. നല്ല ആരോഗ്യമുള്ളപ്പോൾ ആർക്കും ജോലി ചെയ്യുവാൻ കഴിയും. എന്നാൽ, മോശം ആരോഗ്യസ്ഥിതിയിൽ അത് സാധ്യമാകില്ല. എന്നിരുന്നാലും ജീവനക്കാരുടെ കുറവ് നിമിത്തം പലപ്പോഴും അത്തരം സന്ദർഭങ്ങളിലും തൊഴിലെടുക്കാൻ താൻ നിർബന്ധിതയാവുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.

ആർത്തവവുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം തനിക്ക് ആ ദിവസം പാരസിറ്റമോൾ കഴിക്കേണ്ടതായി വന്നു. മരുന്ന് ശരീരത്തിൽ പ്രവർത്തിക്കുവാൻ താൻ അല്പ സമയം ഇരുന്നു, കാരണം നടക്കാനാവാത്ത അവസ്ഥയായിരുന്നു തനിക്കപ്പോൾ. കഠിനമായ വയറുവേദന നിമിത്തം കഴിച്ച വേദനസംഹാരികളും തന്നെ തളർത്തിയിരുന്നു. ജീവനക്കാരുടെ കുറവ് ഉണ്ടായതിനാലാണ് ഇത്തരമൊരു സാഹചര്യത്തിലും തനിക്ക് ജോലി ചെയ്യേണ്ടതായി വന്നതെന്നും അവർ പറയുന്നു.

ഈ സംഭവത്തെ തുടർന്നായിരുന്നു ഇവരെ ഫെയർഫീൽഡിലേക്ക് മാറ്റിയത്. അവിടെ വച്ചാണ് ഡ്യുട്ടിക്കിടെ ഇവരെ കാണാതാകുന്നത്. ഒരു ഡ്യുട്ടി നേഴ്സാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. തുടർന്നായിരുന്നു നടപടികൾ ആരംഭിച്ചത്. താൻ ഉറങ്ങുകയായിരുന്നില്ലെന്നും വേദനയിൽ നിന്നും മോചനം നേടാൻ ഇരിക്കുകയായിരുന്നു എന്നുമാണ് ഇവിടെയും അവർ അവകാശപ്പെട്ടത്. അതുകൂടാതെ ഇപ്പോൾ പുറത്തുവിടാത്ത ഒരു കാരണവും അവർ നൽകിയിരുന്നു. തന്റെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് സമ്മതിച്ച അവർ, താൻ അതിനു പരിഹാരം കാണാനുള്ള നിരവധി പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും, തെറ്റുകളും പിഴവുകളും തിരുത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.

എന്നാൽ, ഡോ. സവാട്ടിക്ക് ഗുരുതരമായ ചില വ്യക്തിത്വ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ജനറൽ മെഡിക്കൽ കൗൺസിലിനുവേണ്ടി ഹാജരായ പോൾ റൗണ്ട് പറഞ്ഞത്. ഇതിന് മരുന്നുകളില്ല. മാത്രമല്ല, ഇവർ ഡ്യുട്ടിയിൽ നിന്നും ഒഴിഞ്ഞു നിന്ന സമയത്ത് നാലു മണിക്കൂറിലധികം ചികിത്സ വൈകിപ്പിക്കാൻ കഴിയാത്ത ഗുരുതരമായ രോഗം ബാധിച്ച കുറഞ്ഞത് മൂന്നു രോഗികളെങ്കിലും അവിടെ ഉണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതായിരുന്നു ഡോക്ടറുടെ പ്രവർത്തി എന്നും അദ്ദേഹം പറഞ്ഞു.

രോഗികൾക്കിടയിൽ നിത്യേന പ്രവർത്തിച്ചിരുന്നെങ്കിലും ഇവർ തൊഴിലിൽ ഒരു പുരോഗതിയും നേടിയിട്ടില്ലെന്നും വിലയിരുത്തപ്പെട്ടു. രോഗികൾക്ക് ആർക്കും തന്നെ ഡോക്ടറുടെ പ്രവർത്തിമൂലം അപകടം സംഭവിച്ചിട്ടില്ലെന്ന് അവർക്ക് വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാണിച്ചെങ്കിലും അത് ട്രൈബുണൽ മുഖവിലയ്ക്ക് എടുത്തില്ല. ഒരു അപകടം നടന്നില്ലെങ്കിലും അതിനുള്ള സാധ്യത വലുതായിരുന്നു എന്നായിരുന്നു ട്രൈബ്യുണൽ ഇക്കാര്യത്തിൽ പറഞ്ഞത്.