തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷയാണ് സുപ്രീംകോടതി ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തത്. 13നകം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ വിശദീകരിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകൾ നടത്തിയതിന്റെ അനുഭവം കേരളത്തിനുണ്ട്. നാലുലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ വീതമാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെല്ലാം തന്നെ നല്ല ആത്മവിശ്വാസത്തിലുമായിരുന്നു. കോവിഡ് കാലത്തും നല്ലനിലയിൽ പരീക്ഷ നടത്തിയ കാര്യം കോടതിയെ അറിയിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.