- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതാക പാതി താഴ്ത്തിക്കെട്ടും; പ്രിൻസ് ചാൾസ് രാജ്യത്തെ അഭിസംബോധന ചെയ്യും; റോയൽ വെബൈ സൈറ്റുകളിൽ ഇരുളും; എലിസബത്ത് രാജ്ഞി മരിക്കുമ്പോൾ ചെയ്യേണ്ട പ്ലാൻ ലീക്കായി രാജ്ഞിയുടെ മുൻപിൽ; പൊട്ടിത്തെറിച്ച് ബ്രിട്ടീഷ് രാജ്ഞി
കാരണവർ കട്ടിലൊഴിയാൻ കാത്തിരിക്കുന്ന ഇളമുറക്കാരുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. ഇവിടെയിതാ, കാത്തിരിപ്പു മാത്രമല്ല, മരണാനന്തര ചടങ്ങുകളുടെ വിശദമായ പ്ലാൻ വരെ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഇതെല്ലാം സർക്കാരാണ് തയ്യാറാക്കിയത് എന്നു മാത്രം. ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്ന് പേരിട്ട് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടതിന്റെ ആസൂത്രണ രേഖ മാധ്യമങ്ങൾക്ക് ലഭിച്ചു. വിശദമായ പ്ലാനുകളാണ് അതീവ രഹസ്യമായി തയ്യാറാക്കിയ ഈ രേഖയിലുള്ളത്.
വൈറ്റ്ഹാൾ പതാകകൾ പാതി താഴ്‌ത്തുന്നതും അതിനെ തുടർന്നുള്ള ടി വി പ്രഖ്യാപനവും ചാൾസ് രാജകുമാരൻ ബ്രിട്ടനിലാകമാനം യാത്രചെയ്ത് അമ്മമഹാറാണിയെ അനുസ്മരിക്കുന്നതും സെയിന്റ് പോൾ കത്രീഡലിലെ മരണാനന്തര ചടങ്ങുകളുമൊക്കെ വിശദമായി ഇതിൽ പ്രതിപാദിക്കുന്നു. രാജകുടുംബത്തിന്റെ വെബ്സൈറ്റ് പൂർണ്ണമായും കറുത്ത പേജു മാത്രമായിരിക്കും. രാജ്ഞിയുടെ മരണവാർത്ത മാത്രമായിരിക്കും അതിൽ ഉണ്ടാവുക. അതോടൊപ്പം ബ്രിട്ടീഷ് സർക്കാരിന്റെ എല്ലാ ഔദ്യോഗിക വെബ്സൈറ്റുകളിലും ഒരു കറുത്ത ബാനർ വഴി രാജ്ഞിയുടെ വിയോഗം ലോകത്തെ അറിയിക്കും.
ഈ വാരാന്ത്യത്തിൽ ബോറിസ് ജോൺസനും കാരി ജോൺസനും രാജ്ഞിയെ സന്ദർശിക്കാനിരിക്കെയാണ് ഈ വിവരം മാധ്യമങ്ങൾക്ക് ചോര്ന്നു കിട്ടുന്നത്. ബോറിസ് ജോൺസന്റെ 16 മാസം പ്രായമുള്ള മകൻ വിൽഫ്രെഡ് ഇതാദ്യമായാണ് രാജ്ഞിയെ കാണാൻ പോകുന്നതും. ഇത്തരമൊരു സാഹചര്യത്തിൽ ഈ വാർത്ത പുറത്തുവന്നത് ബോറിസ് ജോൺസനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി എന്തെങ്കിലും പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരവൃത്തങ്ങൾ വിസമ്മതിച്ചു എങ്കിലും, അതിൽ അതൃപ്തരാണ് രാജകുടുംബാംഗങ്ങൾ എന്ന് വിശ്വസ്തർ പറയുന്നു.
പത്തു ദിവസത്തേക്കുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്ഞി മരിക്കുന്ന ദിവസം ഡി- ഡേ എന്ന് അറിയപ്പെടും. 1960-ൽ ആണ് ഇതിന്റെ രൂപ രേഖ ആദ്യമായി തയ്യാറാക്കിയത് എന്ന് പറയപ്പെടുന്നു. എന്നാൽ, ഇത്രയധികം വിശദാംശങ്ങളുമായി ഇതിനുമുൻപ് ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. ഏതായാലും 95 കാരിയായ രാജ്ഞിക്ക് ഇപ്പോൾ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. അത്തരം സാഹചര്യത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള ഒരു വിവരം എങ്ങനെയാണ് പരസ്യമായത് എന്ന ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല, രാജ്ഞി ജീവിച്ചിരിക്കെ, ഇത്തരമൊരു കാര്യം പ്രസിദ്ധീകരിക്കുന്നതിലെ അധാർമ്മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സർക്കാരിന് കൂടുതൽ തലവേദന സൃഴ്ടിച്ചുകൊണ്ട്, ചാൾസ് രാജകുമാരന്റെ കിരീടധാരണ ചടങ്ങുകളുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്. രാജ്ഞിയുടെ മരണത്തിന് മാസങ്ങൾക്ക് ശേഷം മാത്രം നടക്കുന്ന ഈ ചടങ്ങിന്റെ വിശദാംശങ്ങൾ പക്ഷെ ലഭ്യമല്ല. ഏതായാലും ഈ ചൊർച്ചയെ കുറിച്ച് അന്വേഷിക്കാൻ കാബിനറ്റ് ഓഫീസ് ഉടൻ ഉത്തരവിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചോർന്ന് കിട്ടിയ പദ്ധതി അനുസരിച്ച്, രാജ്ഞിയുടെ മരണവാർത്ത കൊട്ടാരത്തിനു വെളിയിൽ ആദ്യം അറിയിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയേയായിരിക്കും. രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കും ഇത് ചെയ്യുക. പിന്നീട് കാബിനറ്റ് മന്ത്രിമാരെ ഓരോരുത്തരേയായി അറിയിക്കും. അതിനുശേഷം വിവിധ സൈനിക മേധാവികളെ അറിയിക്കും. ആചാരവെടിക്കുള്ള ഒരുക്കങ്ങൾ അവർ നടത്തും. ഏതായാലും മുൻകൂട്ടിയുള്ള മരണാനന്തര ചടങ്ങുകളുടെ വിവരം ചോർന്നത് രാജ്ഞിയെ തികച്ചും അലസോരപ്പെടുത്തിയിട്ടുണ്ട് എന്നാണ് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.