ന്യൂഡൽഹി: ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, അഭിഭാഷകൻ ബസന്ത് ബാലാജി ഉൾപ്പടെ എട്ടു പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. സെപ്റ്റംബർ ഒന്നിന് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗമാണ് കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്.

ജസ്റ്റിസ് ഡി. ശ്രീദേവിയുടെ മകൻ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കെ അറയ്ക്കൽ, ടി കെ അരവിന്ദ കുമാർ ബാബു എന്നിവരെയാണ് ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തത്. ഇതിന് പുറമെ ജുഡീഷ്യൽ ഓഫീസർമാരായ സി ജയചന്ദ്രൻ, സോഫി തോമസ്, പി ജി അജിത് കുമാർ, സി എസ് സുധ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തു.

കൊളീജിയം ശുപാർശ ചെയ്ത നാല് അഭിഭാഷകരും വിവിധ കാലഘട്ടങ്ങളിൽ സർക്കാർ അഭിഭാഷകർ ആയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ലീഡർമാറായിരുന്നു ശോഭ അന്നമ്മ ഈപ്പനും, സഞ്ജീത കെ അറയ്ക്കലും. വി എസ് അച്യുതാന്ദൻ സർക്കാരിന്റെ കാലത്ത് സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി. ഒന്നാം പിണറായി സർക്കാരിന്റെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു ടി കെ അരവിന്ദ കുമാർ ബാബു. വി എസ് സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ലീഡറായും അരവിന്ദ കുമാർ ബാബു പ്രവർത്തിച്ചിട്ടുണ്ട്.

ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് നിലവിൽ സോഫി തോമസ്. ഹൈക്കോടതിയിലെ രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) ആണ് പി ജി അജിത് കുമാർ. സി ജയചന്ദ്രൻ കോട്ടയം ജില്ലാ ജഡ്ജിയും സിഎസ് സുധ എറണാകുളം ജില്ലാ ജഡ്ജിയുമാണ്.

മദ്രാസ്, രാജസ്ഥാൻ, അലഹബാദ്, ജാർഖണ്ഡ്, കൊൽക്കട്ട ഹൈക്കോടതികളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ച ശുപാർശയും സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് കൈമാറി.