- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധം; അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കും

തിരുവനന്തപുരം: കോവിഡ് പ്രതിരോധം നടപ്പിലാക്കാൻ അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കും. കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നതാണ് രോഗവ്യാപനം വർധിക്കാനുള്ള പ്രധാന കാരണമെന്ന് തദ്ദേശസ്ഥാപന പ്രതിനിധികളുമായി നടത്തിയ വിഡിയോ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതു നിയന്ത്രിച്ചാൽ രണ്ടാഴ്ച കൊണ്ട് വ്യാപനത്തോത് കുറയും.ആദ്യ തരംഗം ഫലപ്രദമായി പ്രതിരോധിച്ച വാർഡുതല സമിതികൾ രണ്ടാംഘട്ടത്തിൽ പിന്നാക്കം പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡുതല സമിതി, പൊലീസ്, സെക്ടറൽ മജിസ്‌ട്രേട്ട് എന്നിവരുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കണം.
കേന്ദ്രസർക്കാരിൽ നിന്ന് ഇപ്പോൾ ആവശ്യത്തിനു വാക്‌സീൻ ലഭിക്കുന്നുണ്ട്. പക്ഷേ ചിലയിടങ്ങളിൽ വാക്‌സീൻ വിതരണം മെല്ലെപ്പോക്കിലാണ്. ഇവിടങ്ങളിൽ പ്രത്യേക യജ്ഞം നടത്തും. വാക്സിനേഷൻ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കണം.
കോവിഡ് ബാധിച്ചു മരിച്ചവരിൽ ഭൂരിഭാഗവും വാക്‌സീൻ എടുക്കാത്തവരാണ്. അനുബന്ധ രോഗങ്ങൾ ഉള്ളവരെയും മുതിർന്ന പൗരന്മാരെയും നിർബന്ധമായും ആദ്യദിവസങ്ങളിൽ തന്നെ ആശുപത്രിയിലെത്തിക്കണം. കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകൾ, അവശ്യസാധനങ്ങൾ, കോവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സ എന്നിവ ലഭ്യമാക്കാൻ മുൻഗണന നൽകണം. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ പണം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എം വി ഗോവിന്ദൻ, വീണാ ജോർജ്, കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരും പങ്കെടുത്തു.
അവലോകന യോഗം ഇന്ന്; ഇളവ് കരുതലോടെ മാത്രം
തിരുവനന്തപുരം: ഞായർ ലോക്ഡൗണും രാത്രി കർഫ്യൂവും പിൻവലിക്കാൻ ആരോഗ്യ വിദഗ്ദ്ധർ നിർദേശിച്ചെങ്കിലും കേസുകൾ കൂടിനിൽക്കുന്നതു കൂടി കണക്കിലെടുത്തു മാത്രമേ ഇന്നത്തെ കോവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകൂ.
ക്വാറന്റീൻ നിബന്ധനകൾ കൂടുതൽ കർശനമാക്കി ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയതിനാൽ ഒരാഴ്ച കഴിയുമ്പോൾ രോഗികളുടെ എണ്ണം കുറയുമെന്നു പ്രതീക്ഷിക്കുന്നു. നിലവിലുള്ള ലോക്ഡൗൺ ഇളവുകളിൽ മാറ്റം വരാൻ സാധ്യതയില്ല. കൂടുതൽ ഇളവ് ഇപ്പോൾ അനുവദിക്കണോ, രോഗികൾ കുറഞ്ഞിട്ടു മതിയോ എന്ന് അവലോകന യോഗം ചർച്ച ചെയ്യും.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും ആശങ്കയോടെയാണു നിരീക്ഷിക്കുന്നത്. ഇതു സംബന്ധിച്ചു കേന്ദ്രത്തിൽനിന്നു നിരന്തരം കത്തുകൾ വരുന്നുണ്ട്. കോടതിയും സ്ഥിതി ശ്രദ്ധിക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചേ ഇനി ഇളവ് നൽകാൻ സാധിക്കൂ.

