കൊച്ചി: കോവിഡ് രോഗികൾക്ക് ആന്റിബോഡി കോക്ടെയ്ൽ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം. ജർമനിയിൽ നിന്നും സൗജന്യമായി ലഭിച്ച മരുന്നിന്റെ കാലാവധി തീരാറായതോടെയണ് നിർദ്ദേശം. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള കോവിഡ് രോഗികൾക്കു നൽകാൻ കേന്ദ്രം ലഭ്യമാക്കിയ മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ മരുന്നിന്റെ കാലാവധി ഈ മാസം 30നു തീരുന്ന സാഹചര്യത്തിലാണു നടപടി. ആന്റിബോഡി കോക്ടെയ്ൽ കഴിഞ്ഞ മാസമാദ്യം കോവിഡ് ചികിത്സയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു.

ജർമനിയിൽ നിന്ന് എച്ച്എൽഎൽ ലൈഫ്‌കെയർ വഴി സൗജന്യമായി 2335 വയൽ മരുന്നാണ് (ഒരു വയലിൽ 2 ഡോസ്) കഴിഞ്ഞ മേയിൽ സംസ്ഥാനത്തിനു ലഭിച്ചത്. കൊല്ലം ഉൾപ്പെടെയുള്ള ചില ജില്ലകളിൽ ഈ മരുന്ന് ഉപയോഗിച്ചിരുന്നു. ആയിരത്തിലേറെ ഡോസ് ഇനിയും ബാക്കിയുണ്ട്. ഇതാണു മെഡിക്കൽ കോളജുകളിലേക്കു നൽകിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ തുടങ്ങി ഉടൻ നൽകിയാലാണ് കോക്ടെയ്ൽ ചികിത്സ ഫലപ്രദമാവുക.

എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ലഭിച്ച മരുന്ന് വിതരണം ചെയ്യാൻ പ്രത്യേക മെഡിക്കൽ ബോർഡിനു രൂപം നൽകി. ജില്ലയിലെ 6 ആശുപത്രികൾ വഴിയാണ് ഇത് നൽകുക. മരുന്ന് ഉപയോഗിക്കാവുന്ന രോഗികളുടെ പട്ടിക ചികിത്സാ കേന്ദ്രങ്ങൾ എല്ലാ ദിവസവും മെഡിക്കൽ ബോർഡിനു സമർപ്പിക്കണം. ബോർഡ് അംഗീകരിക്കുന്ന രോഗികൾക്കു മരുന്നു നൽകും. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഈ മരുന്ന് നൽകുന്നത്. പൊതു വിപണിയിൽ ഒരു ഡോസിന് 60,000 രൂപ വിലയുണ്ട്.