കൊച്ചി:എറണാകുളം റൂറൽ ജില്ലയിൽ ചീട്ടുകളി കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ നൂറ്റിപതിനഞ്ച് പേർക്കെതിരെ കേസ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പൊലീസ് സ്റ്റേഷൻ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഒന്നേകാൽ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പലരും വാഹനങ്ങളിൽ ദൂരെ ദേശങ്ങളിൽ നിന്നും എത്തിയാണ് പണം വച്ച് ചീട്ടുകളിക്കാൻ എത്തുന്നത്. ചീട്ടുകളിയെ തുടർന്ന് പലയിടങ്ങളിലും സംഘർഷങ്ങളും പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് മഞ്ഞപ്രയിൽ ചീട്ടുകളിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരിശോധനകൾ വ്യാപകമാക്കുമെന്നും, ചീട്ടു കളി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും എസ്‌പി കെ. കാർത്തിക്ക് പറഞ്ഞു.