ഫ്ളോറിഡാ: ബിസിനസ്സ് സ്ഥാപനങ്ങളോ, സ്‌ക്കൂൾ അധികൃതരോ, ഗവൺമെന്റ് ഏജൻസികളോ ആരെങ്കിലും കോവിഡ് വാക്സിനേഷന്റെ പ്രൂഫ് ചോദിച്ചാൽ അവരിൽ നിന്നും 5000 ഡോളർ പിഴയിടാക്കുന്നതിനുള്ള നിയമം സെപ്റ്റംബർ 16 മുതൽ ഫ്ളോറിഡാ സംസ്ഥാനത്ത് നിലവിൽ വരും.

ഫ്ളോറിഡാ ഗവർണ്ണർ റോൺ ഡിസാന്റോസ് വാക്സിനേഷൻ പാർപോർട്ട് ബാൻ ചെയ്യുന്ന ബിൽ നേരത്തെ ഒപ്പു വെച്ചിരുന്നു. സെപ്റ്റംബർ 16 മുതലാണ് പ്രൂഫ് ചോദിക്കുന്നവരിൽ നിന്നുപോലും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.വാഗ്ദാനങ്ങൾ നൽകിയാൽ അതു നടപ്പാക്കുക തന്നെ ചെയ്യും. ഗവർണ്ണറുടെ സ്പോക്ക്മാൻ ടേരൺ ഫെൻസ്‌ക്കി ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫ്ളോറിഡായിലെ ജനങ്ങൾക്ക് അവരെ സ്വയം സംരക്ഷിക്കുന്നതിനും, അവർ ഉൾപ്പെടുന്ന സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അറിയാം. മറ്റുള്ളവർ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത്. ഗവർണ്ണർ പറഞ്ഞു.ഫ്ളോറിഡായിൽ കോവിഡ് 19 റോക്കറ്റു കണക്കെ കുതിച്ചുയരുകയാണ്. മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വർദ്ധിച്ച നിലയിലാണ്. ജൂൺ മാസം 1800 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 15000 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്ന യു.എസ്സ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് കണക്കാക്കിയിട്ടുണ്ട്.