ഡാളസ് : ഡാളസ് കൗണ്ടിയിൽ ജനുവരി മദ്ധ്യത്തിന് ശേഷം ആദ്യമായി ഏകദിന കോവിഡ് കേസ്സുകളിൽ റിക്കാർഡ് വർദ്ധന . സെപ്റ്റംബർ 2 വ്യാഴാഴ്ച ഡാളസ് കൗണ്ടിയിൽ 2505 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് . ജൂൺ മാസത്തിൽ ആകെ കോവിഡ് കേസുകളുടെ എണ്ണം 3340 ആയിരുന്നതാണ് ഒറ്റ ദിവസം 2505 ആയി ഉയർന്നിരിക്കുന്നത് . ഓരോ മൂന്നു ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ തുടർച്ചയായി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

കോവിഡ് രോഗികളുടെ സ്ഥിരീകരണവും ആശുപത്രി പ്രവേശനവും ദൈനം ദിനം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നാം നമ്മളാവും വിധം കോവിഡിന്റെ വ്യാപനം തടയേണ്ടിയിരിക്കുന്നു . മാസ്‌കും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏക പ്രതിരോധ മാർഗം , കൗണ്ടി ജഡ്ജി ജെങ്കിൻസ് പറഞ്ഞു.

ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വർദ്ധിച്ചിരിക്കെ ഈ വാരാവസാനം ആരംഭിക്കുന്ന ലേബർ ഡേ അവധി ആഘോഷങ്ങൾ കഴിയുന്നതും ഒഴിവാക്കാണമെന്ന് ജഡ്ജി അഭ്യർത്ഥിച്ചു . കൗണ്ടിയിൽ ഇത് വരെ 356069 കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 304257 കേസ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ട് , മരിച്ചവരുടെ എണ്ണം കൗണ്ടിയിൽ മാത്രം 4354 .