- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനോട്ട് കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു; പൊലീസുകാർ പണം ചോദിക്കുന്നതിന്റെ ദൃശ്യങ്ങളും ഓഡിയോയും പുറത്ത് വിട്ട് റിസോർട്ട് ഉടമ
തിരുവനന്തപുരം: വീട്ടിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസ് ഒതുക്കാൻ പൊലീസുകാർ പണം ചോദിക്കുന്നതിന്റെ ദൃശ്യങ്ങളും ഓഡിയോയും പുറത്ത് വിട്ട് റിസോർട്ട് ഉടമയായ പ്രതി. ഇടുക്കി ഉപ്പുതറ സ്റ്റേഷനിലെ മുൻ സിഐ എസ്.എം.റിയാസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും ശബ്ദരേഖയുമാണ് പുറത്തായത്. കേസിലെ പ്രതി കൊല്ലം അഞ്ചൽ തടിക്കാട് വരാലഴികത്ത് വീട്ടിൽ ഹനീഫ് ഷിറോസാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ഇടുക്കി മാട്ടുത്താവളത്ത് റിസോർട്ട് നടത്തിയിരുന്ന ഹനീഫിന്റെ വീട്ടിൽ നിന്നു കഴിഞ്ഞ വർഷം ഏപ്രിലിൽ 12,58,000 രൂപയുടെ കള്ളനോട്ടും പ്രിന്ററും കണ്ടെടുത്ത കേസിലാണ് പുതിയ വഴിത്തിരവ്. ഈ സംഭവത്തിൽ ഹനീഫ് അറസ്റ്റിലാവുകയും കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നു ജയിലിലുമായി. കേസിന്റെ നടത്തിപ്പിനിടെ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതിന്റെ തെളിവാണു ഹനീഫ് പുറത്തു വിട്ടത്. തിരുവനന്തപുരത്ത് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സിഐയാണ് റിയാസ് ഇപ്പോൾ.
സിഐ റിയാസിനെ കൂടാതെ ഉപ്പുതറ സ്റ്റേഷനിലെ എസ്ഐ ചാർളി, എഎസ്ഐ ദിനേശൻ, സിവിൽ പൊലീസ് ഓഫിസർ ടോണി തോമസ് എന്നിവരാണ് കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡിയും, വാട്സാപ് മെസേജുകളും ഡിജിപിക്കു കൈമാറിയതായും ഹനീഫ് പറഞ്ഞു.
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും ഉപദ്രവിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും സിഐ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നുവെന്നു ഹനീഫ് ആരോപിച്ചു. 1.25 ലക്ഷം രൂപ വില വരുന്ന വാച്ചും, മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. തന്റെ കയ്യിൽ നിന്ന് എഎസ്ഐ 10,000 രൂപ വാങ്ങിയ ശേഷമാണ് മൊബൈലുകൾ തിരികെ നൽകിയതെന്നു പരാതിയിൽ പറയുന്നു.
സിഐ റിയാസിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തിച്ചാണ് പണം കൈമാറിയത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സിഐ ആവശ്യപ്പെടുന്നതും എറണാകുളത്തെ അക്കൗണ്ട് നമ്പർ നൽകാമെന്നു പറയുന്നതിന്റെ ശബ്ദരേഖയുമുണ്ട്. കുടുംബസ്വത്തായ സ്കൂളിന്റെ അവകാശത്തർക്കത്തിന്റെ പേരിൽ എതിരാളികൾ തന്നെ കള്ളനോട്ട് കേസിൽ കുടുക്കിയതാണെന്നാണ് ഹനീഫിന്റെ അവകാശവാദം
ആരോപണങ്ങളിൽ കഴമ്പില്ല: സിഐ
പ്രതി ഹനീഫ് ഷിറോസ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നു സിഐ എസ്.എം.റിയാസ് പറഞ്ഞു. ഹനീഫിന്റെ വീട്ടിൽ നിന്നു കള്ളനോട്ട് കണ്ടെടുക്കുമ്പോൾ താൻ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നില്ല. നിയമപ്രകാരമാണ് എല്ലാ നടപടികളും സ്വീകരിച്ചത്. കള്ളനോട്ട് കേസ് കൂടാതെ, രണ്ടാം ഭാര്യയുടെ മകന്റെ ശരീരത്തിൽ ചട്ടുകം വച്ചു പൊള്ളിച്ച കേസിലും ഹനീഫ് പ്രതിയാണ് സിഐ പറഞ്ഞു.