കൊച്ചി :കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ), എയർ ഇന്ത്യ എക്സ്‌പ്രസ് ലിമിറ്റഡും യാത്രക്കാർക്ക് പുതിയ പദ്ധതികളും അനുകൂല്യങ്ങളും നടപ്പിലാക്കുന്നത്തിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സിയാൽ മാനേജിങ് ഡയറക്ടറും, സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനുമായ ശ്രീ എസ് സുഹാസ് ഐഎഎസ്, എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലോക് സിങ് എന്നിവരാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്.

എയർ ഇന്ത്യ എക്സ്‌പ്രസ്സിൽ യാത്ര ചെയ്യുന്നവർക്ക് അന്താരാഷ്ട്ര ഡിപ്പാർച്ചർ ടെർമിനലിലെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഷോപ്പിങ് നടത്തുമ്പോൾ 15% മുതൽ 20% കിഴിവ് ലഭിക്കും.ഇതിനുപുറമെ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പിലാക്കുന്നു. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ സൗജന്യ ടിക്കറ്റുകൾ ലഭിക്കും.

സിയാലും എയർ ഇന്ത്യ എക്സ്‌പ്രസ്സ് ലിമിറ്റഡും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ദൃഢമാക്കാൻ ധാരണാപത്രം ഒപ്പിടുന്നത് വഴി സാധിക്കുമെന്ന് സ് സുഹാസ് ഐ എ സ് വ്യക്തമാക്കി . യാത്രക്കാർക്ക് അന്താരാഷ്ട്ര സേവനങ്ങൾ ഒരുക്കുവാൻ ആണ് സിയാലും എയർ ഇന്ത്യ എക്സ്‌പ്രസ്സും ലക്ഷ്യമിടുന്നത്. സിയാൽ നിന്ന് ഏറ്റവും അധികം അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന എയർലൈൻ ആണ് എയർ ഇന്ത്യ എക്സ്‌പ്രസ്സ്.പരമാവധി യാത്രക്കാരിലേക്ക് അനുകൂല്യങ്ങൾ എത്തിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും, സുഹാസ് കൂട്ടിച്ചേർത്തു.

യാത്രക്കാരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ ഈ കരാർ വഴി സാധിക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്സ് ലിമിറ്റഡ് ചെയർമാൻ ശ്രീ അലോക് സിങ് പറഞ്ഞു. എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ യാത്രക്കാർക്ക് ഏറ്റവും പ്രിയങ്കരമായ വിമാന താവളമാണ് ഇത്. കോവിഡിനെ തുടർന്ന് നിരവധി പേർക്ക് യാത്ര അവസരം നഷ്ടമായി. എന്നാൽ ആഗോളതലത്തിൽ വ്യോമയാന മേഖല ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. വിമാനത്താവളങ്ങളുമായി ചേർന്നുള്ള ഇത്തരം പദ്ധതികൾ കൂടുതൽ യാത്ര അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നത്തോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വലിയ ഉണർവുകൾ സൃഷ്ടിക്കാൻ സിയാലിനും എയർ ഇന്ത്യ എക്സ്‌പ്രസ്സിനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.