- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ രജിസ്റ്റർ കാണാനില്ല; മറ്റ് രേഖകൾ പരിശോധിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തീർപ്പ് കൽപിച്ചത് ചെന്നിത്തല സ്വദേശിനിയുടെ പരാതിയിൽ
ആലപ്പുഴ: ആശുപത്രിയിൽ നിന്നും പ്രസവ സംബന്ധമായ രജിസ്റ്റർ നഷ്ടപ്പെട്ട സാഹചര്യത്തിൽ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം നിയമാനുസൃതം ജനന സർട്ടിഫിക്കേറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിനി എൽസി രാജൻ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. പരാതിക്കാരിയുടെ മകൻ ടൈറ്റസിന്റെ ജനനം 1984 ജനുവരി 24 ന് രാത്രി 11.40 നായിരുന്നു. എന്നാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കേറ്റിൽ 20 മിനിറ്റ് വ്യത്യാസത്തിൽ 1984 ജനുവരി 25 എന്ന് രേഖപ്പെടുത്തപ്പെട്ടു. ഇത് തിരുത്തുന്നതിനായി പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. എന്നാൽ സ്‌കൂൾ രേഖയിലും പാസ്‌പോർട്ടിലും ലൈസൻസിലും ജനന തിയതി 24 എന്നാണ. മകന് വിദേശത്ത് പോകുന്നതിന് വേണ്ടിയാണ് ജനന സർട്ടിഫിക്കറ്റ് തിരുത്താൻ പരാതിക്കാരി ശ്രമിച്ചത്.
കമ്മീഷൻ മാന്നാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. മാന്നാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രസവ രജിസ്റ്റർ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രളയത്തിൽ നശിച്ചെന്നാണ് സൂചന കിട്ടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയുടെ മകന്റെ ജനനത്തീയതി 1984 ജനവരി 24 നാണെന്നാണ് എല്ലാ രേഖകളിലും കാണുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ കൈയിലുള്ള രേഖകൾ പരിശോധിച്ച് രജിസ്റ്റർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കാലതാമസം കൂടാതെ നിയമാനുസൃതം പരാതിക്കാരി ആവശ്യപ്പെട്ട ജനന സർട്ടിഫിക്കേറ്റ് 15 ദിവസത്തിനകം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ