തിരുവനന്തപുരം: കള്ളനോട്ട് കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് മുൻ ഉപ്പുതറ ഇൻസ്‌പെക്ടർ എസ്.എം.റിയാസിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. നിലവിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറാണ് ഇദ്ദേഹം. കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ആണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതേ കേസിൽ മുൻ ഉപ്പുതറ എസ്‌ഐ ചാർലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആണ് ചാർലി തോമസ്. ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി ആണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. മൂന്നുപേർക്കെതിരെയും അന്വേഷണം നടത്താനും ശുപാർശയുണ്ട്. ഇടുക്കി ഡി.സി.ബി ഡിവൈ.എസ്‌പിക്കാണ് അന്വേഷണച്ചുമതല.