തിരുവനന്തപുരം: കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ നാലാഴ്ചകൾക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിനു പൂർണ യോജിപ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യം പ്രാവർത്തികമാക്കാൻ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും.

മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളും കണ്ടെയ്ന്മെന്റ് സോണുകളും കോവിഡ് ജാഗ്രതാ പോർട്ടലിലും ജില്ലാ വെബ് സൈറ്റുകളിലും കൃത്യമായി പുതുക്കാതെ പോകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ദിവസവും പുതുക്കണമെന്ന കർശന നിർദ്ദേശം നൽകും.

ഇക്കാര്യം നിർവഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനിൽ നിന്നും ഐടി വിദഗ്ധനെ താൽക്കാലികമായി നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.