കൊച്ചി: ആലങ്ങാട്ട് തെരുവുനായയെയും ഒരു മാസം പ്രായമുള്ള 7 കുഞ്ഞുങ്ങളെയും തീവച്ച സംഭവത്തിൽ 5 കുഞ്ഞുങ്ങളെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരെണ്ണത്തിന്റെ സ്ഥിതി ഗുരുതരമാണ്. ബാക്കി കുഞ്ഞുങ്ങളുടെ പരുക്കു ഗുരുതരമല്ല. പൊലീസും ദയ പ്രവർത്തകരും ചേർന്നു നടത്തിയ തിരച്ചിൽ സമീപത്തെ പറമ്പിൽ നിന്നാണ് പൊള്ളലേറ്റു കിടക്കുകയായിരുന്ന ഇവയെ ലഭിച്ചത്.

കഴിഞ്ഞ ദിവസമാണു മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനി സ്വദേശി മേരിയുടെ വീട്ടിൽ തെരുവുനായ ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. തുടർന്നു ഇവർ സമീപവാസിയായ ലക്ഷ്മി എന്ന സ്ത്രീയുടെ സഹായത്തോടെ നായയെ ഓടിക്കുന്നതിനായി തീവച്ചുവെന്നാണു പരാതി. ദയ അനിമൽ വെൽഫെയർ സംഘടന സെക്രട്ടറി പി.ബി. രമേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകി.

പൊലീസ് കേസെടുത്തു. ഇന്നലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് 5 കുഞ്ഞുങ്ങളെ സംഭവം നടന്ന വീടിനു സമീപത്തെ പറമ്പിൽ നിന്നു ലഭിച്ചത്. ബാക്കി രണ്ടെണ്ണം മരിച്ചതാകാമെന്നാണു ദയ പ്രവർത്തകർ പറയുന്നത്.