കൊച്ചി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് കം മീൻസ് (എം.സി.എ.) സ്‌കോളർഷിപ്പ് തുക അനുവദിച്ച് മാസം ആറു കഴിഞ്ഞിട്ടും ബാങ്ക് അക്കൗണ്ടിൽ എത്തിയില്ല. പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളാണ് പ്രശ്‌നം നേരിടുന്നത്.

കേന്ദ്ര സർക്കാർ നൽകുന്ന സ്‌കോളർഷിപ്പായതിനാൽ തന്നെ എൻ.എസ്‌പി.യുടെ ഹെൽപ്പ് ഡെസ്‌കിൽ വിദ്യാർത്ഥികൾ ബന്ധപ്പെട്ടു. എന്നാൽ ഇവർ ഫണ്ട് അയച്ചിട്ടുണ്ടെന്നും കേരളത്തിലെ നോഡൽ ഓഫീസിൽ ബന്ധപ്പെടാനുമാണ് മറുപടി. ഇതുപ്രകാരം ഡയറക്ടറേറ്റ് ടെക്നിക്കൽ എഡ്യുക്കേഷനിലെ സ്‌പെഷ്യൽ ഓഫീസർക്ക് ഇ-മെയിൽ മുഖേന പരാതി നൽകി.

നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്‌പി.) സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ ട്രാൻസാക്ഷൻ പരാജയപ്പെട്ടുവെന്നാണ് കാണിക്കുന്നത്. ഇതിനുള്ള കാരണം പറയുന്നത് അക്കൗണ്ട് ബ്ലോക്ക് ആകുകയോ അല്ലായെങ്കിൽ അക്കൗണ്ട് മരവിച്ചിരിക്കുകയോ ആണെന്നാണ്. എന്നാൽ, ഇത്തരം പ്രശ്‌നമൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. മറ്റ് അക്കൗണ്ടുകളിൽനിന്ന് പണം അയയ്ക്കാൻ സാധിക്കുന്നുമുണ്ട്.

ഇത്തരത്തിൽ ഒരുപാട് പരാതി എത്തുന്നുണ്ടെന്നും സീറോ ബാലൻസ് അക്കൗണ്ടായതുകൊണ്ടാണ് പണം അക്കൗണ്ടിലേക്ക് വരാത്തതെന്നുമാണ് ഡയറക്ടറേറ്റ് ടെക്നിക്കൽ എഡ്യുക്കേഷനിൽനിന്ന് ലഭിക്കുന്ന മറുപടി. എന്നാൽ കഴിഞ്ഞ വർഷം ഇതേ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് തുക അക്കൗണ്ടിൽ ലഭിച്ചിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന പ്രശ്‌നം ഈ വർഷം എങ്ങനെയുണ്ടായി എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്.

മറ്റൊരു അക്കൗണ്ട് തുടങ്ങി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ സ്‌കോളർഷിപ്പ് കിട്ടുമെന്ന വിവരത്തെ തുടർന്ന് അതും ചെയ്ത് നോക്കി. എന്നാലതും ഫലവത്തായില്ല. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇ-മെയിൽ മുഖേനയും ഫോൺ മുഖേനയും പരാതി നൽകി മടുത്തെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

സ്‌കോളർഷിപ്പ് നിഷേധിക്കുന്നത് ശരിയല്ല
ആയിരത്തിലേറെ വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഇത്രയേറെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നിഷേധിക്കുന്നത് ശരിയായ നടപടിയല്ല. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പോസിറ്റീവായാണ് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ-മെയിലും അയച്ചിട്ടുണ്ട്. ആർ.ബി.ഐ.യുടെ പുതിയ നിയമമാണ് പ്രശ്‌നത്തിനു കാരണം. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കണം.

- ഹൈബി ഈഡൻ എംപി.