- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള കത്തോലിക്കാസഭയുടെ അവസാന വാക്ക് മാർപാപ്പായുടേത്: സിബിസിഐ ലെയ്റ്റി കൗൺസിൽ
ന്യൂഡൽഹി: ആഗോള കത്തോലിക്കാസഭയുടെ അവസാന വാക്ക് മാർപാപ്പായുടേതാണെന്നും കത്തോലിക്കാ വിശ്വാസ സംബന്ധിത വിഷയങ്ങളിൽ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും പാലിക്കാനും സഭാപിതാക്കന്മാർക്കും വൈദികർക്കും അല്മായ വിശ്വാസിസമൂഹത്തിനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ആഗോള കത്തോലിക്കാസഭയുടെ ഭരണസംവിധാനങ്ങളെ രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ പതിപ്പുകളായി തുലനം ചെയ്യാൻ ശ്രമിക്കുന്നത് ഭോഷത്തമാണ്. സഭയുടെ കാഴ്ചപ്പാടുകളും പ്രവർത്തനരീതികളും ദൈവശാസ്ത്ര പഠനങ്ങളും സമീപനങ്ങളും ഇതര മതവിഭാഗങ്ങളിൽ നിന്നുപോലും ഏറെ വ്യത്യസ്തമാണ്. അനുസരണവും അനുരഞ്ജനവും അച്ചടക്കവും സഭാസംവിധാനത്തിന്റെ മുഖമുദ്രയായി നിലനിൽക്കുന്നു. സ്നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കൽ ശുശ്രൂഷകളുടെയും മകുടോദാഹരണമായ കത്തോലിക്കാസഭ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ചരിത്രമാണുള്ളതെന്ന് ആരും വിസ്മരിക്കരുത്.
ക്രൈസ്തവ സഭകൾക്കുള്ളിലും വിവിധ സഭാവിഭാഗങ്ങൾ തമ്മിലും കൂടുതൽ ഐക്യവും പരസ്പര സ്നേഹവും ധാരണകളും ഊട്ടിയുറപ്പിക്കേണ്ട കാലഘട്ടമാണിത്. ആഗോള ഭീകരപ്രസ്ഥാനങ്ങൾ ലോകമെമ്പാടും ക്രൈസ്തവർക്കുനേരെ തുടരുന്ന അക്രമങ്ങളും വെല്ലുവിളികളും ആക്ഷേപങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശക്തിപ്പെട്ടുവരുന്നത് നിസ്സാരവൽക്കരിക്കരുത്. സഭാസംവിധാനങ്ങളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും നുഴഞ്ഞു കയറാൻ ഇക്കൂട്ടർ പഴുതുകൾ തേടുമ്പോൾ ഇവരുടെ ഉപകരണങ്ങളായി വിശ്വാസികൾ അധഃപതിക്കരുത്. സഭയ്ക്കുള്ളിലും സഭാവേദികളിലും പങ്കുവയ്ക്കേണ്ട ആഭ്യന്തരവിഷയങ്ങൾ പൊതുവേദികളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് എതിർക്കപ്പെടേണ്ടതാണ്.
സഭാപിതാക്കന്മാർ ആഹ്വാനം ചെയ്യുന്ന ഒരുമയും ഐക്യവും ഐക്യരൂപവും സഭാസംവിധാനങ്ങളുടെ കെട്ടുറപ്പിനായി നടപ്പിലാക്കുവാൻ വൈദികരും അല്മായരുമുൾക്കൊള്ളുന്ന വിശ്വാസിസമൂഹം പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തനനിരതരാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.