ന്യൂയോർക്ക് : അഫ്ഗാനിസ്ഥാനിൽ വനിതകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും, അക്രമണങ്ങൾക്കുമെതിരെ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രഥമ വനിത മിഷേൽ ഒബാമ എന്നിവർക്കെതിരെ ശക്തമായ വിമർശനവുമായി ഡൊണാൾഡ് ട്രമ്പിന്റെ മകന്റെ ഭാര്യ ലാറാ ട്രമ്പ് രംഗത്ത്.

കമലാ ഹാരിസ്, മിഷേൽ ഒബാമ എന്നിവരെ പോലെ സ്വാർത്ഥമതികളായ രണ്ടു ഡമോക്രാറ്റിക് വനിതകളെ ഞാൻ ഇതുവരെ ഭൂമുഖത്ത് കണ്ടിട്ടില്ല. ഞായറാഴ്ച ഫോക്സ് ന്യൂസിനനുവദിച്ച അഭിമുഖത്തിൽ ലാറ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ലക്ഷ്യം വെച്ചു അഫ്ഗാൻ വനിതകളെപോലെ സുരക്ഷിതരായി കഴിയുന്ന വനിതകൾ വേറെയില്ല എന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും ഇപ്പോൾ അഫ്ഗാനിലെ വനിതകളുടെ അവസ്ഥ അപ്രകാരമാണെന്ന് അഭിപ്രായപ്പെടാൻ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിഭാൻ ഭരണത്തിൽ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവർ മനസ്സിലാക്കി പ്രതികരിക്കണമെന്നായിരുന്നു ലാറ പറഞ്ഞത്.

അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു മുമ്പുള്ള അഫ്ഗാൻ വനിതകളുടെ സ്ഥിതി ഇനി ഒരിക്കലും അവർക്ക് സ്വപ്നം കാണാനാകുമോ ലാറ ചോദിച്ചു. കമലാ ഹാരിസിന്റെ ഇപ്പോൾ സ്വീകരിച്ച നിലപാട് ഞങ്ങൾ ഒരിക്കലും മറക്കില്ല. യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഒളിച്ചോടുന്ന സ്ഥിതിയിലേക്ക് വൈസ് പ്രസിഡന്റ് കമലഹാരിസ് അധഃപതിച്ചിരിക്കുന്നുവെന്നും ലാറ ആരോപിച്ചു.