പാലാ/കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകനയോഗം കളക്റ്റ്രേറ്റിൽ ചേർന്നതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും പൂർത്തിയാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

ഭാഗികമായി പൂർത്തീകരിച്ച റോഡുകൾ, ജോലികൾ ആരംഭിച്ച റോഡുകൾ, പണി തുടങ്ങാനുള്ള റോഡുകൾ, പണി മുടങ്ങിക്കിടക്കുന്ന റോഡുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കി അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നിർദ്ദേശം നൽകി.

എട്ടു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായുള്ള രാമപുരം കുടിവെള്ള പദ്ധതി നടത്തിപ്പിനായുള്ള പഞ്ചായത്തുകളുടെ വിഹിതം സംബന്ധിച്ച പ്രമേയം ലഭ്യമാക്കണമെന്നു പഞ്ചായത്തുകൾക്കു നിർദ്ദേശം നൽകി. ഇതോടൊപ്പം പഞ്ചായത്തുകളിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നും നിർദ്ദേശം ഉണ്ട്.

ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ യും വിവിധ വകുപ്പുകളുടെ തലവന്മാരും പങ്കെടുത്തു.

വളർന്നു വരുന്ന തലമുറകളെ പ്രോൽസാഹിപ്പിക്കണം: മാണി സി കാപ്പൻ

പാലാ: വളർന്നു വരുന്ന തലമുറയെ പ്രോൽസാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ നിയോജകമണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കു പഠനാവശ്യത്തിനുവേണ്ടി മലബാർ ഗോൾഡ് സൗജന്യമായി നൽകുന്ന ടാബ് ലറ്റുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പ്രോൽസാഹനമില്ലാത്തതിന്റെ പേരിൽ ആരും നിരാശരാവരുതെന്ന നിശ്ചയദാർഢ്യം സമൂഹം ഏറ്റെടുക്കണമെന്നും എം എൽ എ നിർദേശിച്ചു.

മലബാർ ഗോൾഡ് കോട്ടയം ഷോറൂം ഹെഡ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ വിനോദ് വേരനാനി, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, പ്രദീപ് തോമസ്, ജോജു ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കു വേണ്ടി മാതാപിതാക്കൾ ടാബ്ലറ്റുകൾ ഏറ്റുവാങ്ങി.