- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിലബസുകളിൽ ഹിന്ദു ദേശീയവാദികളുടെ ചരിത്രം പഠിപ്പിക്കുന്നതിനെതിരെ പ്രമേയവുമായി കണ്ണൂർ സർവകലാശാല സെനറ്റ് യോഗം; വിദ്യാഭ്യാസത്തിലെ കാവി വൽക്കരണത്തിനെതിരെ കണ്ണൂർ
കണ്ണൂർ: വിദ്യാഭ്യാസത്തിലെ കാവി വൽക്കരണത്തിനെതിരെ കണ്ണൂർ. സർവ്വകലാശാല സെനറ്റ് യോഗം പ്രമേയം പാസാക്കി. വിവിധ സംസ്ഥാനങ്ങളിൽ പ്രഫഷണൽ കോഴ്‌സ് ഉൾപ്പെടെയുള്ള ബിരുദ ബിരുദാനന്തര സിലബസലുകളിൽ ഹിന്ദു ദേശീയവാദികളുടെ ജീവചരിത്രം പഠിപ്പിക്കാനുള്ള നടപടികൾ മതേതര വിദ്യാഭ്യാസത്തിന് വെല്ലുവിളി ഉയർത്തുമെന്നും ഇത്തരം നീക്കങ്ങളിൽനിന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടങ്ങളും പിന്തിരിയണമെന്നും കണ്ണൂർ സർവകലാശാല സെനറ്റ് യോഗം ആവശ്യപ്പെട്ടു
സിൻഡിക്കറ്റംഗം പ്രമോദ് വെള്ളച്ചാലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ബ്ലൻഡഡ് പഠനരീതി നടപ്പാക്കുമ്പോൾ കുത്തകകൾ ഓൺലൈൻ പഠന മാധ്യമങ്ങളുടെ പ്രചാരകരും പ്രയോക്താക്കളുമായി മാറുമെന്നും അദ്ധ്യാപകരുടെ ജോലിസ്ഥിരതതന്നെ അപകടത്തിലാകുമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഡോ.കെ സുരേഷ് കുമാർ പറഞ്ഞു.
കോളജുകളിൽ സൗകര്യമനുസരിച്ച് കൂടുതൽ ഗവേഷണകേന്ദ്രങ്ങൾ അനുവദിക്കുക, അഫിലിയേറ്റഡ് കോളജിലെ അദ്ധ്യാപകർക്ക് യൂണിവേഴ്‌സിറ്റി തലത്തിൽ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ പരിശീലനം, റിസർച്ച് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ, കോളജിലെ അനധ്യാപകർക്ക് യൂണിവേഴ്സിറ്റി തലത്തിൽ പരിശീലനം, ഗവേഷണ പ്രബന്ധങ്ങൾ സമയബന്ധിതമായി മൂല്യനിർണയം ചെയ്യുക, നോൺ പ്ലാൻ ഗ്രാന്റ് വർധിപ്പിച്ചുകിട്ടുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക, പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് തൊഴിൽ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക, എല്ലാ പ്രദേശത്തെയും കുട്ടികൾക്ക് നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കാൻ ആവശ്യമായ നടപടി സർക്കാർ നടപ്പിലാക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
പി. സോന, ഡോ. ഇസ്മയിൽ ഓലായിക്കര, ഡോ. ജോബി കെ. ജോസ്, എം.കെ.ഹസൻ, ഡോ. കെ.വി.മഞ്ജുള, ഡോ. കെ.വിജയൻ, പി.ജെ.സാജു, ഡോ. കെ. വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.ചോദ്യങ്ങൾക്ക് സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ടി.പി.അഷ്‌റഫ്, ഡോ.കെ.ടി.ചന്ദ്രമോഹൻ, ഡോ. പി. കെ. പ്രസാദൻ, ഡോ. എ.അശോകൻ, ഡോ. പി. ജയകുമാർ, ഡോ. ശ്രീജിത്ത്, ഡോ. രാഖി രാഘവൻ, എം.സി. രാജു എന്നിവർ മറുപടി നൽകി. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. സാബു എ, രജിസ്ട്രാർ മുഹമ്മദ് ഇ.വി.പി എന്നിവരും പങ്കെടുത്തു