തിരുവനന്തപുരം : പാലാ ബിഷപ്പിന്റെ പ്രസ്താവന മുസ്ലിം വിരുദ്ധമാണെന്നും രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ മുസ്ലിം സമുദായത്തോടുള്ള വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി വേണം മനസ്സിലാക്കാൻ.

'ലൗ ജിഹാദിന്റെ ഭാഗമായി പല പെൺകുട്ടികളും മതംമാറ്റപ്പെടുന്നു, കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു, മുസ്‌ലിംകൾ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം, ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണ''മെന്നും തുടങ്ങി ഹിന്ദുത്വ ശക്തികളുടെ വിദ്വേഷ പ്രചരണങ്ങളുടെ ആവർത്തനമാണ് ബിഷപ്പ് നടത്തിയിരിക്കുന്നത്.

കേരളത്തിൽ മുസ്ലിം സമുദായത്തിനെതിരെ വെറുപ്പുൽപാദിപ്പിക്കാനും, സംഘ്പരിവാർ ചേരിയോട് ചേർന്നു നിൽക്കാനുമുള്ള ഇത്തരം ആസൂത്രിത പദ്ധതികളെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതുണ്ട്. ഇതിനോടുള്ള മതേതരകേരളത്തിന്റെ മൗനവും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.