വാഷിങ്ടൻ: രാഷ്ട്രീയം വിട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബോക്‌സിങ് റിങ്ങിലേക്ക് എത്തുന്നു. ബോക്‌സിങ് കമന്റേറ്ററായാണ് മുൻ പ്രസിഡന്റിന്റെ രംഗപ്രവേശം. ശനിയാഴ്ച രാത്രി ഫ്‌ളോറിഡയിലാണ് ട്രംപിന്റെ സാന്നിധ്യത്തിലുള്ള മത്സരം നടക്കുക.

ശനിയാഴ്ചയാണ് ട്രംപിന്റെ ബോക്‌സിങ് ഡേ. അന്ന് പോരാട്ടത്തിനിറങ്ങുന്നവരിലൊരാൾ ഹെവി വെയ്റ്റ് മുൻ ലോകചാംപ്യൻ ഇവാൻഡർ ഹോളിഫീൽഡാണ്. ''വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്'' എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20 ാം വാർഷിക ദിനത്തിലാണു മത്സരം നടക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. റിങ്ങിൽ നേരത്തേ നിശ്ചയിച്ചിരുന്ന ബോക്‌സർക്കു കോവിഡായതിനാലാണ് അവസാന നിമിഷം ഹോളിഫീൽഡ് കയറുന്നത്. 50 ഡോളറാണ് ടിവിയിൽ കാണുന്നതിനു നിരക്ക്.