വിധവയായ ലൈലാകുമാരി (കല്ലറ പാങ്ങോട് സ്വദേശി) ഹൃദയ സംബന്ധമായ അസുഖമുള്ള മകനോടൊപ്പം, സ്വന്തമായി ഒരു വീട് എന്ന സ്വപ്നo സാക്ഷാത്കരിക്കുവാൻ പല വാതിലുകളിലും മുട്ടിയിരുന്നു. ചന്തവിള വാർഡിൽപ്പെട്ട മൂഴിനട എന്ന സ്ഥലത്തു വെള്ളക്കെട്ടുള്ള ഭൂമിയിൽ വീട് നിർമ്മാണം പൂർത്തിയാക്കുവാൻ സർക്കാരിൽ നിന്നും ലഭിച്ച തുക തീരെ അപര്യാപ്തമായിരുന്നു. കോളേജ് ഓഫ് എഞ്ചിനീയറിങ് തിരുവനന്തപുരം (സിഇടി) പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഭാരതീയം ഗ്രൂപ്പ്, സേവാഭാരതി കഴക്കൂട്ടം യൂണിറ്റുമായി ചേർന്ന് ഒരു വർഷം മുമ്പ് ഈ പദ്ധതി ഏറ്റെടുക്കുകയായിരുന്നു . സിഇടി ഭാരതീയം ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് എല്ലാ സാമ്പത്തിക, സാങ്കേതിക സഹായങ്ങളും നൽകി. ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയും സാധന സാമഗ്രികളും സന്നദ്ധപ്രവർത്തകരെയും ക്രമീകരിച്ചുകൊണ്ട് ഈ സേവാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

സെപ്റ്റംബർ ഒമ്പത് (09/09/2021) വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സേവാഭാരതി സംസ്ഥാന സെക്രട്ടറി  രഞ്ജിത് ഹരി അവർകൾ ബിജെപി ജില്ലാ പ്രസിഡന്റ്  വി വി രാജേഷിന്റെ സാന്നിധ്യത്തിൽ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. സേവാഭാരതി കഴക്കൂട്ടം യൂണിറ്റ് പ്രസിഡന്റ്  വി .കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്  ആർ. എസ്. രാജീവ്, വ്വൈ.പ്രസിഡന്റ് ശ്രീകുമാർ, ജനറൽ സെക്രട്ടറി സുനിൽകുമാർ, സേവാഭാരതി ജില്ലാ സെക്രട്ടറി മോഹൻജി, കഴക്കൂട്ടം നഗർ സേവാപ്രമുഖ് രാജു, സേവാപ്രമുഖ് ബാബു, സേവാഭാരതി കഴക്കൂട്ടം യൂണിറ്റ് സെക്രട്ടറി  ഗോപു, ട്രഷറർ  ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ അറിയിക്കുകയുണ്ടായി.

കൊറോണ എന്ന മഹാമാരി പടരുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ രഞ്ജിത് ഹരി അവർകൾ തുടർന്നും സേവന പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രവർത്തകർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും പദ്ധതി പൂർത്തിയാക്കുവാൻ പരിശ്രമിച്ച ടീമിനെ വി.വി. രാജേഷ് അഭിനന്ദിച്ചു. പദ്ധതിയിൽ സജീവമായി ഇടപെടുകയും ആവശ്യമായ പിൻതുണ നൽകി സമയബന്ധിതമായി വീട് പണി പൂർത്തിയാക്കുന്നതിനു സഹായിച്ച ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കും, സാമ്പത്തിക സഹായം നൽകിയ സിഇടി ഭാരതീയം കൂട്ടായ്മക്കും തദവസരത്തിൽ സേവാഭാരതി യൂണിറ്റ് സെക്രട്ടറി ഗോപു പ്രത്യേക നന്ദി അറിയിക്കുകയുണ്ടായി.

സേവാഭാരതി കഴക്കൂട്ടം യൂണിറ്റ് രൂപീകരിച്ചതിന് ശേഷം ഏറ്റെടുത്തു പൂർത്തീകരിച്ച ആദ്യത്തെ വലിയ സംരംഭമാണിത്. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം, മരുന്ന്, പൾസ് ഓക്‌സിമീറ്റർ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ആംബുലൻസ് സേവനം എന്നിവ നൽകിക്കൊണ്ട് സേവാഭാരതി കഴക്കൂട്ടം യൂണിറ്റ് സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. തുടർന്നും സമാനമായ സംരംഭങ്ങൾ ഏറ്റെടുത്തു പൂർത്തീകരിക്കുന്നതിനും സേവന പ്രവർത്തനങ്ങൾ തുടരുന്നതിനും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് യൂണിറ്റ് സെക്രട്ടറി ഗോപു തദവസരത്തിൽ അഭ്യർത്ഥിച്ചു.