12,000ത്തിലധികം വിദേശ ആരോഗ്യ പ്രവർത്തകർക്ക് പൗരത്വം നൽകാൻ തീരുമാനിച്ച് ഫ്രാൻസ്. കഴിഞ്ഞ രണ്ടു വർഷക്കാലം കോവിഡ് പോരാട്ടത്തിൽ രാജ്യത്തിനു വേണ്ടി നൽകിയ മഹത്തായ സേവനങ്ങൾക്കുള്ള നന്ദി സൂചകമായാണ് ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന വിദേശികൾക്ക് പൗരത്വം നൽകുവാനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടത്. സെക്യൂരിറ്റി ഗാർഡുമാരും ചെക്ക് ഔട്ട് അസിസ്റ്റന്റുമാരും ഉൾപ്പെടെ മറ്റ് ആരോഗ്യ പ്രവർത്തകരുമാണ് ഫ്രാൻസിന്റെ പൗരത്വം നേടുന്നതിന് അർഹരാവുക.

സിറ്റിസൺഷിപ്പ് ഇൻ ചാർജ്ജായ ജൂനിയർ ഇന്റീരിയർ മിനിസ്റ്റർ മാർലിൻ ഷിപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം 16,000ത്തോളം പേരാണ് ഫ്രഞ്ച് പാസ്പോർട്ടിനായി സ്പെഷ്യൽ സ്‌കീമിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അടിയന്തിര സേവനങ്ങളിൽ ജോലി ചെയ്തവരുടെ ആപ്ലിക്കേഷൻ പ്രൊസസ് അതിവേഗത്തിൽ തന്ന പുരോഗമിക്കുകയാണ് ഇപ്പോൾ. മാത്രമല്ല, നേരത്തെ അഞ്ചു വർഷം ഫ്രാൻസിൽ താമസിച്ചാൽ മാത്രമേ പൗരത്വം നൽകുകയുള്ളൂ. എന്നാൽ കോവിഡിൽ സേവനം ചെയ്തവർക്ക് ഇതു രണ്ടു വർഷക്കാലമായി ചുരുക്കി നൽകുകയും ചെയ്തിട്ടുണ്ട്.

അങ്ങനെ വരുമ്പോൾ 12,012 പേർ ഫ്രഞ്ച് പൗരത്വം നേടുമെന്നും മാർലിൻ ഷിപ്പ വ്യക്തമാക്കി. ഈ കണക്കിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടും. ഈ സ്‌കീമിൽ ഉൾപ്പെടുന്ന മറ്റൊരു കാറ്റഗറി ജോലിക്കാരാണ് ഗാർബേജ് കളക്ടേഴ്സും ഹോം കെയർ പ്രൊവൈഡേഴ്സും നാനീസും. ഇവരും രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്നു പ്രവർത്തിച്ചവരാണ്. അവരെയെല്ലാം ഇത്തരത്തിൽ ആദരിക്കുവാനുള്ള ഫ്രാൻസിന്റെ തീരുമാനം സാധാരണയാണെന്നും മാർലിൻ ഷിപ്പ സേറ്റ്മെന്റിൽ വ്യക്തമാക്കി.

2020ൽ ആകെ 61,371 പേരാണ് ഫ്രഞ്ച് പൗരത്വം നേടിയത്. അവരിൽ പലരെയും സ്‌കൂൾ വർഷത്തിന്റെ തുടക്കത്തിൽ മന്ത്രാലയത്തിന്റെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന പാരീസിലെ ബ്യൂവോയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളേയും പോലെ, ഫ്രാൻസിലും 2020ന്റെ തുടക്കത്തിൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വൈറസിനെ നിയന്ത്രിക്കുന്നതിന് മാസ്‌ക് ധരിക്കുന്ന നടപടികളും അവതരിപ്പിച്ചു.

സർക്കാർ വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തിയതിന് ശേഷം അടുത്ത ആഴ്ചകളിൽ ആശുപത്രികളിൽ രോഗനിരക്ക് കുറയുകയും ചെയ്തു. ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേർക്ക് ഇപ്പോൾ പൂർണ്ണ പ്രതിരോധ കുത്തിവയ്‌പ്പും നൽകി കഴിഞ്ഞു.