ജിദ്ദ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്‌കുകൾ ഉപയോഗശേഷം പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. ഇങ്ങനെ വലിച്ചെറിയുന്ന മാസ്‌കുകൾ അണുബാധയുടെ ഉറവിടങ്ങളാകുന്നുണ്ട്. അതിനാൽ ഉപയോഗത്തിനുശേഷം അവ ശരിയായ രീതിയിൽതന്നെ നശിപ്പിക്കണം.

തെരുവുകളിലും ബീച്ചുകളിലും മറ്റും ഇങ്ങനെ വലിച്ചെറിയപ്പെടുന്ന മാസ്‌കുകൾ നിറഞ്ഞുകാണുന്നത് ഖേദകരമാണെന്നും വൃത്തിയുള്ളതും സുരക്ഷിതവുമായ സമൂഹമായി നിലനിൽക്കാൻ എല്ലാവരും സഹകരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും അധികൃതർ അറിയിച്ചു. ദിവസേന ഒരുതവണയെങ്കിലും ഫേസ് മാസ്‌കുകൾ മാറ്റണമെന്നും ഒരേ മാസ്‌ക് പതിവായി ഉപയോഗിക്കരുതെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

ഒരേ മാസ്‌ക് നിരവധി ദിവസങ്ങൾ ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അവർ സൂചിപ്പിക്കുന്നു.