മാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് റെസിഡന്റ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതർ നീട്ടി. ഈ മാസം 20നുള്ളിൽ റെസിന്റ് കാർഡിന്റെ സ്‌കാൻ ചെയ്ത കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്‌കൂളുകൾ സർക്കുലർ നൽകി. നേരത്തേ സെപ്റ്റംബർ ഒമ്പതിനുള്ളിൽ റെസിഡന്റ് കാർഡ് വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.

കെ.ജി ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും നിർബന്ധമായി റെസിഡന്റ് കാർഡ് എടുക്കണമെന്നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകൾക്ക് നൽകിയിട്ടുള്ള അറിയിപ്പ്. റെസിഡന്റ് കാർഡ് കോപ്പികൾക്കായി പ്രത്യേകം രജിസ്റ്റർ വെക്കണമെന്നും നിർദേശമുണ്ട്.

അതോടൊപ്പം 12 വയസ്സിന് മുകളിലുള്ള കുട്ടികൾ ഉടൻ വാക്‌സിൻ എടുക്കണമെന്നും ഒന്നും രണ്ടും ഡോസുകൾ എടുത്തവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കോപ്പിയും ഓൺലൈനായി എത്തിക്കണമെന്നും ചില സ്‌കൂളുകൾ രക്ഷിതാക്കളെ അറിയിച്ചു. വാക്‌സിൻ സർട്ടിഫിക്കറ്റുകൾ സ്‌കൂളിലെ ബന്ധപ്പെട്ട അഡ്രസിലേക്ക് അയക്കാത്തവർക്ക് സ്‌കൂളുകൾ തുറക്കുമ്പോൾ പ്രവേശന അനുവാദം ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കുട്ടികളുടെ റെസിഡന്റ് കാർഡ് എടുക്കുന്നതിന് 11 റിയാലാണ് റോയൽ ഒമാൻ പൊലീസ് ഇടാക്കുന്നത്. ഇതോടൊപ്പം സ്‌പോൺസറുടെ ഒപ്പും സീലും അപേക്ഷയിൽ നിർബന്ധമാണ്. സ്‌പോൺസർ സ്ഥലത്തില്ലാത്തവർക്കും ദൂരെ കഴിയുന്നവർക്കുമൊക്കെ സ്‌പോൺസർ എത്തുന്നതു വരെ കാത്തിരിക്കേണ്ടിയും വരും. റെസിഡന്റ് കാർഡ് ഓഫിസുകൾ ഇപ്പോൾ ഉച്ചവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. നേരത്തേ ഇതു രാത്രി വരെ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ റെസിഡന്റ് കാർഡ് ഓഫിസുകളൂടെ എണ്ണം കൂട്ടിയത് രക്ഷിതാക്കൾക്ക് സൗകര്യമാണ്