പട്‌ന: ബിഹാറിലെ സിപിഐ യുവനേതാവ് കനയ്യ കുമാറിനെ കോൺഗ്രസിലേക്കു 'ചാടിക്കാൻ' കോണ്ഡഗ്രസിൽ രഹസ്യനീക്കങ്ങൾ. ബിഹാറിലെ സിപിഐ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കനയ്യയെ കോൺഗ്രസിലെത്തിച്ചാൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് കണക്കു കൂട്ടൽ. ബിഹാറിൽ യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനാണ് കനയ്യ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശമനുസരിച്ചാണ് ശ്രമം.

അതേസമയം, പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തിൽ രണ്ടു തവണ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് കനയ്യ കുമാർ നിഷേധിച്ചു. എന്നാൽ പ്രശാന്ത് കിഷോറുമായി ആശയവിനിമയം നടത്താറുണ്ടെന്നു കനയ്യ സമ്മതിച്ചു. സിപിഐ നേതൃത്വവുമായി കനയ്യ കുമാർ ഇടഞ്ഞു നിൽക്കുന്നതു മുതലാക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. കനയ്യയെ പാട്ടിലാക്കാനായി യുവനേതാവ് നദീം ജാവേദിനെയാണ് കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്. നദീമും കനയ്യയുമായി അടുത്തിടെ ഡൽഹിയിൽ ചർച്ച നടന്നിരുന്നു. കോൺഗ്രസ് എംഎൽഎമാരായ അഹമ്മദ് ഖാനും അവധേഷ് സിങ്ങും അടുത്തിടെ പട്‌നയിൽ കനയ്യ സംഘടിപ്പിച്ച ചില പരിപാടികളിൽ വേദി പങ്കിട്ടിരുന്നു.

ബിഹാറിലെ സിപിഐ നേതൃത്വവുമായി കനയ്യ അത്ര സ്വരച്ചേർച്ചയിലല്ല. സിപിഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികൾ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഹൈദരാബാദിൽ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ കനയ്യയെ പരസ്യമായി ശാസിച്ചിരുന്നു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുമായും കനയ്യ കുമാർ അകൽച്ചയിലാണ്. സിപിഐയിൽ രാഷ്ട്രീയ ഭാവിയില്ലെന്നു ബോധ്യമായാൽ കനയ്യ കുമാർ പാർട്ടി മാറാൻ തയാറാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ് നേതൃത്വം.