- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം ഓറഞ്ച് വസ്ത്രമണിഞ്ഞ് പടുകൂറ്റൻ മിലിട്ടറി ഡ്രിൽ; പിന്നാലെ 930 കിലോമീറ്റർ ദൂരത്തേക്ക് മിസൈൽ പരീക്ഷണം; അമേരിക്കയ്ക്ക് തലവേദനയായി ഉത്തര കൊറിയ വീണ്ടും
താലിബാന്റെ തിരിച്ചു വരവോടെ പലയിടങ്ങളിലും ഇസ്ലാമിക തീവ്രവാദത്തിന് പുത്തൻ ശക്തി കൈവരുന്നതിനിടയിൽ, അമേരിക്കയ്ക്ക് കൂടുതൽ തലവേദനയായി ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. തങ്ങളുടെ പുതിയ ദീർഘദൂര മിസൈൽ പരീക്ഷണം വിജയിച്ചതായി ഉത്തര കൊറിയൻ മാധ്യമമായ കെ സി എൻ എ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയും ആയി നടന്ന പരീക്ഷണത്തിൽ 930 കിലോമീറ്റർ ദൂരമാണ് മിസൈൽ സഞ്ചരിച്ചത്. രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലെ ലക്ഷ്യം ഭേദിക്കുകയും ചെയ്തതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമം പറയുന്നു.
ഉത്തര കൊറിയൻ സൈന്യത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഈ മിസൈൽ എന്ന് സൈനിക വക്താക്കൾ അവകാശപ്പെടുന്നു. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി തർക്കങ്ങൾ നിലനിൽക്കവേയാണ് ഈ മിസൈൽ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ അഭിമാനത്തിന് മുറിവേറ്റ സെപ്റ്റംബർ 11 ന്റെ ഇരുപതാം വാർഷിക ദിനത്തിലാണ് ഈ പരീക്ഷണം നടന്നതെന്നത് കേവലം യാദൃശ്ചികതയായി കാണാനാകില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ 2019 മുതൽ നിശ്ചലാവസ്ഥയിലാണ്. മാത്രമല്ല, അമേരിക്ക ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉത്തര കൊറിയയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി ടോക്കിയോയിലെത്തി ദക്ഷിണകൊറിയയുമായും ജപ്പാനുമായും നിരായുധീകരണം സംഭവിച്ച ചർച്ചകൾ നടത്തുമെന്ന് കഴിഞ്ഞയാഴ്‌ച്ച വാർത്തകൾ ഉണ്ടായിരുന്നു. മിസൈൽ പരീക്ഷണത്തിനു തൊട്ടുമുൻപായി ഒരു സൈനിക പരേഡ് നടന്നതായും റിപ്പോർട്ടുകളുണ്ട്.
ഓറഞ്ച് ഹസ്മത് ഷ്യുട്ടുകൾ അണിഞ്ഞ് ഫയർ എഞ്ചിനുകളും ട്രാക്ടറുകളുമായി രാത്രിനേരത്താണ് പരേഡ് നടന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ 73-മത് സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പരേഡ് നടന്നത്. പ്രകടനത്തിൽ പങ്കെടുത്തവർ എല്ലാവരും മെഡിക്കൽ ഗ്രേഡ് മാസ്‌കുകൾ ധരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും കൊടുമ്പിരി കൊള്ളുന്നതിനിടയിലായിരുന്നു ഈ പരേഡും മിസൈൽ പരീക്ഷണവും എന്നതും ശ്രദ്ധേയമാണ്.
മാസ്‌ക് ധരിക്കാതെ പരേഡ് കാണാനെത്തിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പക്ഷെ ക്ഷീണിതനായിട്ടായിരുന്നു കാണപ്പെട്ടത്. ആൾക്കൂട്ടത്തിനു നേരെ കൈവീശുകയും കുട്ടികളെ പുണരുകയും ഒക്കെ ചെയ്തുകൊണ്ടായിരുന്നു കിം തന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്. ബുധനാഴ്‌ച്ച അർദ്ധരാത്രി പ്യോംഗ്യാമ്മ്ഗിലെ കിം സുങ്ങ് ചത്വരത്തിൽ നിന്നായിരുന്നു പരേഡ് ആരംഭിച്ചത്.
മറുനാടന് ഡെസ്ക്