നീണ്ട 44 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിലേക്ക് ഒരു ഗ്രാൻസ്ലാം കിരീടം കൊണ്ടുവന്ന വനിത ടെന്നീസ് താരത്തെ കാത്തിരിക്കുന്നത് ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ സി ബി ഇ. ബ്രിട്ടന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാവുകയാണ് ഈ പുതിയ ടെന്നീസ് അദ്ഭുതം. എലിസബത്ത് രാജ്ഞിവരെ വ്യക്തിപരമായി അഭിനന്ദിച്ച എമ്മ റഡുകാനോയുടെ ജീവിതം തന്നെ മാറിമറിയുകയാണ് ഈ ഒരൊറ്റ വിജയത്തോടെ.

സി ബി ഇ ലഭിച്ചില്ലെങ്കിൽ ഒ ബി ഇ എങ്കിലും ലഭിക്കുമെന്നാണ് ചില ഔദ്യോഗിക വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നത്. കൗമാരപ്രായത്തിലുള്ളവർക്ക് ഈ ബഹുമതി ലഭിക്കുന്നത് വിരളമാണെങ്കിലും എമ്മയുടെ പ്രകടനം ഇതിന് അവരെ അർഹയാക്കിയിട്ടുണ്ട്. രാജ്ഞി തന്നെ നേരിട്ട് അഭിനന്ദിച്ചതാണ് എമ്മയെ. ഇത് പുരസ്‌കാരം ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

തെക്ക് കിഴക്കൻ ലണ്ടനിലെ ബ്രോംലിയിൽ നിന്നുള്ള ഈ പതിനെട്ടുകാരിയെ കാത്തിരിക്കുന്നത് ഇനി ആഘോഷങ്ങളുടെ ദിനങ്ങളാണ്. ഈ ഒരൊറ്റ മത്സരത്തിലെ വിജയം കൊണ്ടുതന്നെ എമ്മയുടേ വരുമാനം എട്ടിരട്ടിയായി വർദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. ഓർപിങ്ടണിലെ സർക്കാർ സ്‌കൂളിൽ നിന്നും എ ലെവൽ പൂർത്തിയാക്കി മാസങ്ങൾക്കകമാണ് എമ്മ യു എസ് ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ പത്ത് മാച്ചുകൾ കളിച്ച ഈ ബ്രിട്ടീഷ് ടെന്നീസ് താരം ഒരു സെറ്റ് പോലും തോറ്റില്ലെന്നതും ശ്രദ്ധേയമാണ്.

ബിബിസിയുടേ ഈ വർഷത്തെ കായികതാരം ബഹുമതിക്കും ഇപ്പോൾ എമ്മയ്ക്ക് സാധ്യത വർദ്ധിച്ചിരിക്കുകയാണ്. 1.8 മില്യൺ പൗണ്ടാണ് യു എസ് ഓപ്പണിലെ വിജയം എമ്മയ്ക്ക് നേടിക്കൊടുത്ത സമ്മാന തുക. ഇതിനുപുറമേ നിരവധി സ്പോൺസർഷിപ് അവസരങ്ങളും ബ്രാൻഡ് അമ്പാസിഡർ ആകാനുള്ള അവസരങ്ങളും ഈ പതിനെട്ടുകാരിയെ തേടിയെത്തുകയാണ്. മാർക്കറ്റിങ് വിദഗ്ദരുടെ അഭിപ്രായത്തിൽ ഇപ്പോൾ എമ്മയ്ക്ക് 150 മില്ല്യൺ പൗണ്ട് വരെ മൂല്യമുണ്ട്.

നീണ്ട ലോക്ക്ഡൗണുകളുടെ മനം മടുപ്പിക്കുന്ന ദിനങ്ങൾക്ക് അവസാനമെത്തിയ ഈ വിജയത്തെ ബ്രിട്ടീഷ് കായിക പ്രേമികൾ ഒരു ആഘോഷമാക്കുകയാണ്. അതിനിടയിൽ തന്റെ കളി എലിസബത്ത് രാജ്ഞി ടെലിവിഷനിൽ കാണുകയായിരുന്നു എന്നകാര്യം തനിക്കറിയില്ലായിരുന്നെന്ന് എമ്മ ഒരു ടെലിവിഷൻ ചാനലിൽ വെളിപ്പെടുത്തി. 1.8 മില്ല്യൺ പൗണ്ടാണ് പ്രൈസ് മണി എന്ന കാര്യവും തനിക്കറിയില്ലായിരുന്നെന്ന് എമ്മ പറഞ്ഞു. രാജ്ഞിയിൽ നിന്നും ലഭിച്ച അനുമോദന സന്ദേശം ഭാവിയിൽ തനിക്ക് പ്രചോദനമായി തുടരുമെന്നും എമ്മ കൂട്ടിച്ചേർത്തു.

തികച്ചും അദ്ഭുതകരമായ വിജയം എന്നാണ് ടെന്നീസ് വിദഗ്ദർ എമ്മയുടെ വിജയത്തെ വിശേഷിപ്പിക്കുന്നത്. ടൂർണമെന്റിൽ ഉടനീളം ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് എമ്മ കപ്പിൽ മുത്തമിട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് വരെ ആരും അധികം അറിയാത്ത ഒരു കുട്ടിയാണ് ഈ വിജയം നേടിയത് എന്നത് തീർത്തും അവിശ്വസനീയമായ കാര്യമാണ് എന്നായിരുന്നു വിംബിൾഡൺ ജേതാവ് ക്രിസ് എവർട്ട് പറഞ്ഞത്. അവൾ എല്ലാവരുടെയും ഹൃദയം കവർന്നിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.