കണ്ണൂർ: മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ ബസിനെതിരെ അതിക്രമം. സർവീസ് കഴിഞ്ഞ് സ്വകാര്യ ബസ് സാമൂഹി വിരുദ്ധർ യന്ത്രതകരാർ വരുത്തി നാശനഷ്ടമുണ്ടാക്കിയതായാണ് പരാതി. മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.

കണ്ണൂർ ആശുപത്രി- മയ്യിൽ - പഴശി റൂട്ടിലോടുന്ന ഗഘ13 അഏ 2999 നമ്പർ ഹയാസ് ബസിന്റെ എൻജിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ചതായാണ് പരാതി. ശനിയാഴ്ച രാത്രി മണിക്ക് സർവീസ് നിർത്തി പഴശ്ശി കിട്ടൻ പീടികയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ബസിന്റെ എൻജിനിലും, റേഡിയറ്ററിലുമാണ് ഉപ്പ് നിറച്ചത്.

തിങ്കളാഴ്‌ച്ച രാവിലെ ഏഴു മണിക്ക് സർവീസ് പുനരാരംഭിക്കാൻ ബസ് ജീവനക്കാരായ കെ.എം.റയീസ്, കെ.പി.മുഫസിൽ, കെ.വി.റിസ്വാൻ എന്നിവർ എത്തിയപ്പോഴാണ് ബസിന് നേരെയുണ്ടായ അക്രമണ വിവരം അറിയുന്നത്. സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. ബസ് ഉടമ കെ.കെ.മമ്മദ് മയ്യിൽ പൊലീസിൽ പരാതി നൽകി. ബസിന് നേരെ നടന്ന അക്രമത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.