ഡാളസ്: അമേരിക്കയിലെ പ്രമുഖ കാൻസർ രോഗ വിദഗ്ദനും, തോമസ് ജഫർസൺ യൂണിവേഴ്സിറ്റഇ ഓൺകോളജി ക്ലിനിക്കൽ പ്രൊഫസറുമായ ഡോ.എം വിപിള്ളയെ ലോകാരോഗ്യസംഘടനാ കാൻസർ കെയർ കൺസൾട്ടന്റായി നിയമിച്ചു. ഇന്റർനാഷ്ണൽ നെറ്റ് വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസെർച്ച് സംഘടനയുടെ(I.N.C.T.R.USA) പ്രസിഡന്റ് കൂടിയാണ് ഡോ.എം വിപിള്ള. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചതായി ഡോ.പിള്ള പറഞ്ഞു. ലോകാരോഗ്യ സംഘടന കാൻസർ കെയർ കൺസൾറ്റന്റായി തുടരണമെന്ന അഭ്യർത്ഥന സ്വീകരിക്കുകയായിരുന്നുവെന്ന് ഡോ.പിള്ള പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമായി ഈ നിയമനത്തെ കാണുന്നതായി പിള്ള പറഞ്ഞു. നമ്മുടെ രാജ്യത്തിനും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായ റീജിയൺ കാൻസർ സെന്റർ(കേരള) ഗവേണിങ് കൗൺസിൽ അംഗത്വവും ഇതൊടൊപ്പം ഡോ.പിള്ളയെ തേടിയെത്തിയിട്ടുണ്ട്.

വികസിത രാജ്യങ്ങളിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും ആധുനിക കാൻസർ ചികിത്സാ സൗകര്യങ്ങൾ കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാവരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഡോ.പിള്ള പറഞ്ഞു.

യു.എസ്. യൂണിവേഴ്സിറ്റി കാൻസർ സെന്ററുമായി സഹകരിച്ചു തൃശൂരിലുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ മാസ്റ്റേഴസ്, പി.എച്ച.ഡി. അക്കാദമിക്ക് പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കയാണെന്നും, യെയിൽ, മയോ, തോമസ് ജഫർസൺ സെന്റുകളാണ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് തന്റെ കഴിവിന്റെ പരമാവധി ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും എല്ലാവരുടേയും, സഹകരണവും, പ്രാർത്ഥനയും ഡാളസ്സിലുള്ള ഡോ.എം വിപിള്ള അഭ്യർത്ഥിച്ചു.