കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച കാത്ത്ലാബിന്റെ ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.

ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖരായ കാരുണ്യ ഹൃദയാലയയുമായി കൈ കോർത്താണ് കാത്ത്ലാബ് സ്ഥാപിച്ചിരിക്കുന്നത്. സഹകരണ പ്രസ്ഥാനം ആരോഗ്യമേഖലയിൽ നല്ല രീതിയിൽ ഇടപെടുമ്പോൾ വിദഗ്ദ ചികിത്സ സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. നവീകരിച്ച ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംപിയും നിർവ്വഹിച്ചു. അർഹരായ 100 പേർക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ നൽകുമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുഴുവൻ ചികിത്സാ സഹായ പദ്ധതികൾ ഇവിടെ നടപ്പാക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എംഎ‍ൽഎ ഫണ്ട് ചികിത്സയ്ക്കായി വകയിരുത്താൻ നിയമ തടസം ഇല്ലായെങ്കിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ നിർദ്ധനർക്കായി ഇന്ദിരാഗാന്ധി ആശുപത്രിയുമായി സഹകരിച്ച് ചികിത്സാ പദ്ധതി നടപ്പാക്കുമെന്ന് പി.ടി.തോമസ് എംഎൽഎ പറഞ്ഞു.ജില്ലയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായി ഇന്ദിരാഗാന്ധി ആശുപത്രി മാറുമെന്ന് ടി.ജെ.വിനോദ് എംഎ‍ൽഎ പറഞ്ഞു.

പ്രശസ്ത ഹൃദ്രോഗ വിദഗ്ദനായിരുന്ന ഡോ. എ.കെ. അബ്രാഹം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തുടങ്ങിവച്ച സേവ് ഹാർട്ട് പദ്ധതിയെ കൂടുതൽ ആധുനിക വൽക്കരണത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആശുപത്രി പ്രസിഡന്റ് എം.ഒ ജോൺ, സെക്രട്ടറി അജയ് തറയിൽ എന്നിവർ പറഞ്ഞു.നൂതന കാത്ത്‌ലാബ് സൗകര്യങ്ങളും, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടെന്ന് ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റായ ഡോ.നിജിൽ ക്ലീറ്റസ് പറഞ്ഞു. ആശുപത്രി ഭരണ സമിതി അംഗങ്ങളായ ജെബി മേത്തർ, ഇക്‌ബാൽ വലിയവീട്ടിൽ, ബി.എ.അബ്ദുൾ മുത്തലിബ്, അഗസ്റ്റസ് സിറിൾ, ഹസീന മുഹമ്മദ്, ഡോ.കെ.എ.ചാക്കോ, മനു ജേക്കബ്, പി.വി.അഷറഫ്, സി.പി.ആർ ബാബു, പി.ടി.അശോകൻ,ആഗ്‌നസ് രാജൻ, കാരുണ്യ ഹൃദയാലയ ജനറൽ മാനേജർ ടി ഷറഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.