കൊച്ചി: ഇൻഫോപാർക്കിലെ എല്ലാ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള കോവിഡ് വാക്സിനേഷൻ ഈ മാസത്തോടെ പൂർത്തിയാകും. ഇതോടെ ഇൻഫോപാർക്കിൽ ഐടി കമ്പനികൾക്ക് സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കാൻ സാഹചര്യമൊരുങ്ങി. വിവിധ കമ്പനികൾ സ്വന്തം നിലയിലും ഇൻഫോപാർക്കിന്റെ നേതൃത്വത്തിലുമായാണ് വാക്സിനേഷൻ നടന്നുവരുന്നത്. ജൂണിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നു. രണ്ടാ ഡോസ് വിതരണമാണ് ഇപ്പോൾ നടന്നുവരുന്നത്.

തിരുവനന്തപുരം ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലുമായി സഹകരിച്ച് ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷൻ സെപ്റ്റംബർ 22 മുതൽ 24 വരെ നടക്കും. പതിനായിരം ഡോസ് വാക്സിൻ ആണ് ഇതിനായി ടെക് ഹോസ്പിറ്റൽ കൊച്ചിയിലെത്തിക്കുന്നത്. വിവിധ കമ്പനികൾ ഇതിനകം തന്നെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇൻഫോപാർക്കിൽ വാക്സിനേഷൻ സമ്പൂർണമാകും.

നേരത്തെ വാക്സിനേഷൻ പൂർത്തിയാക്കിയ ഏതാനും കമ്പനികൾ ഇതിനകം ഓഫീസുകളിൽ പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം രീതിയിൽ നിന്ന് കമ്പനികൾ പൂർണമായും മാറില്ലെങ്കിലും വരും മാസങ്ങളിൽ കൂടുതൽ കമ്പനികൾ ഐടി പാർക്കുകളിൽ തിരിച്ചെത്തും. സമ്പൂർണ വാക്സിനേഷനു പുറമെ സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ കൂടുതൽ ജീവനക്കാർക്ക് തിരികെ ഓഫീസുകളിലെത്താൻ വഴിയൊരുങ്ങും, കേരള ഐടി പാർക്സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു.

യുഎസ്‌ടി, ക്യൂബസ്റ്റ് തുടങ്ങി പ്രമുഖ കമ്പനികളും ഇൻഫോപാർക്കിലെ അവരുടെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി കഴിഞ്ഞ ദിവസങ്ങളിലായി വാക്സിനേഷൻ ക്യാമ്പ് നടത്തി. ക്യൂബസ്റ്റ് 1265 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. മറ്റൊരു കമ്പനിയായ മൈൻഡ്കർവ് 400 രണ്ടാം ഡോസുകളും വിതരണം ചെയ്തു. ഐടി ജീവനക്കാർക്കു പുറമെ സപോർട്ട് സ്റ്റാഫിനും കമ്പനികൾ വാക്സിൻ നൽകുന്നുണ്ട്.