അറ്റ്ലാന്റാ : അറ്റ്ലാന്റാ മൃഗശാലയിൽ കഴിയുന്ന ഗൊറില്ലകൾ കോവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി മൃഗശാലാ അധികൃതർ വെള്ളിയാഴ്ച വെളിപ്പെടുത്തി.ചുമയും റണ്ണിങ് നോസും വിശപ്പില്ലായ്മയും ഇവയിൽ കണ്ടെത്തിയിട്ടുണ്ട്. മൃഗശാലയിൽ 13 ഗൊറില്ലകൾക്ക് ഇതിനകം തന്നെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സ് പ്രായമുള്ള ഗൊറില്ലയും ഉൾപ്പെടുന്നു.

കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി നാഷണൽ വെറ്റനറി സർവീസ് ലാബി(അയോവ)ലേക്ക് സാംമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതിനകം 20 ഗൊറില്ലകൾക്ക് കോവിഡ് പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്.മൃഗശാലയിലെ ജീവനക്കാരിൽ നിന്നായിരിക്കും ഗൊറില്ലകൾക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടു നൽകുന്ന സൂചന.

ഗൊറില്ലകളിൽ നിന്നു മനുഷ്യരിലേക്കു കോവിഡ് വ്യാപിക്കുവാൻ യാതൊരു സാധ്യതയുമില്ല. വളരെ അകലം പാലിച്ചാണ് ഗൊറില്ലകളെ പാർപ്പിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ഇതിനു മുൻപു സാൻഡിയാഗോ മൃഗശാലയിലെ എട്ടു ഗൊറില്ലകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തക്ക സമയത്ത് ആന്റിബോഡി ചികിത്സ നടത്തിയതിനാൽ മരണം സംഭവിച്ചില്ലെന്നും അധികൃതർ പറയുന്നു.