ലോകം നേരിടുന്ന ഭീകരമായ വെല്ലുവിളികളിൽ ഒന്നായ കോവിഡ് മഹാമാരിയിൽ പകച്ചു നിന്ന രാജ്യങ്ങൾ അതിജീവനത്തിന്റെ പാതയിൽ അതിദൂരം പോയിരിക്കുന്നു. നാമറിയാതെ നമ്മളെ വിഴുങ്ങിക്കൊണ്ടിരുന്ന ഭീകരനെ ചെറുത്തു നിൽക്കാൻ ലോകം കുതിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് രാജ്യങ്ങൾ. അതു കൊണ്ടു തന്നെ അടച്ചിട്ട രാജ്യാതിർത്തികളെല്ലാം തന്നെ തുറന്നു കൊണ്ടിരിക്കുകയാണ്.

ഇന്ത്യ എന്ന കരുത്തുറ്റ നാടിന്റെ അഭിമാന കേന്ദ്രങ്ങളായ പ്രവാസ മേഖലയും ഈ കൊറോണ താണ്ഡവത്തിൽ അങ്ങേയറ്റം ദുരിതം അനുഭവിച്ചിരുന്നു, സംസ്ഥാന അതിർത്തികളും, രാജ്യാതിർത്തികളും അടച്ചിട്ടത്തിന്റെ ഭാഗമായി പ്രവാസ മേഖലയിലേക്ക് തിരികേ പോകാനാകാതെ ജോലി നഷ്ടപ്പെടുകയും വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും അതിന്റെ ഭാഗമായി മാനസീകമായി തകരുകയും ചെയ്ത നിരവധി കുടുംബങ്ങളാണ് നാട്ടിൽ ഉള്ളത്.

ദുരിതക്കയത്തിലെ കണ്ണീർ തുടയ്ക്കുവാൻ പ്രവാസത്തിന്റെ പാത വീണ്ടും കയറുവാൻ രാജ്യങ്ങൾ വാതിലുകൾ തുന്നപ്പോൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമായി. പലരും കടംവാങ്ങിയും ഭാര്യമാരുടേയും മക്കളുടേയും ആഭരണങ്ങൾ പണയം വച്ചും ടിക്കറ്റിനായി ഓട്ടം തുടങ്ങി. ഇവിടെയാണ് അവർക്ക് യഥാർത്ഥ ദുരിതം നേരിടേണ്ടി വരുന്നത്.

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ താങ്ങും തണലുമായി മാറുന്ന പ്രാവാസികൾക്ക് എന്നും നാട്ടിൽ ദുരിതം തന്നെ. വിദേശ രാജ്യങ്ങളിലേക്ക് പോകാൻ അതാത് രാജ്യങ്ങൾ നിഷ്‌ക്കർഷിക്കുന്ന വാക്‌സിനേഷനുകളും, ടെസ്റ്റുകളും, റിപ്പോർട്ടുകളും സമയക്രമത്തിൽ ആവശ്യമാണെന്നിരിക്കെ അതിനായി ഓടുന്ന പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കുകയാണ് നമ്മുടെ സർക്കാരുകൾ. യു എ ഇ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ മനുഷീക മൂല്യങ്ങൾക്ക് വില കല്പിച്ച് സ്വന്തം രാജ്യത്തിന്റെ പൗരന്മാർക്കെന്ന പോലെ വിദേശ രാജ്യങ്ങളിലെ ആളുകൾക്കു പോലും വാക്‌സിനേഷനും, ടെസ്റ്റുകളും ഫ്രീയായി നൽകുമ്പോൾ, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും യാതൊരുവിധ മാനദണ്ഢങ്ങളും ഇല്ലാതെ തോന്നുന്ന രീതിയിൽ കാശു വാങ്ങി പ്രവാസികളെ കൊല്ലാക്കൊല ചെയ്യുകയാണ്. മാത്രമല്ല രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന വാക്‌സിനുകൾക്ക് എല്ലാം തന്നെ വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കാനാവശ്യമായ കാര്യമായ ഇടപെടലുകൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും പ്രവാസികൾക്ക് തലവേദന സൃഷ്ടിക്കുകയാണ്.

യു എ ഇ ഉൾപ്പെടെയുള്ള ജി സി സി രാജ്യങ്ങളിലേക്ക് വരാൻ വിമാനയാത്രയ്ക്കായി 48 മണിക്കൂർ സമയദൈർഘ്യമുള്ള പി സി ആർ ടെസ്റ്റിന് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപ എന്ന മാനദണ്ഢങ്ങൾ കാറ്റിൽ പറത്തി പലരും പല രീതിയിൽ കാശുവാങ്ങി സുഖിക്കുകയാണ്. കൂടാതെ പല എയർപ്പോർട്ടുകളിലും റാപ്പിഡ് പി സി ആർ ടെസ്റ്റുകൾക്ക് 3000 മുതൽ 5000 രൂപ വരെ പ്രവാസികളിൽ നിന്ന് ഈടാക്കുന്നു. വ്യക്തമായ കാഴ്‌ച്ചപ്പാടുകളും, ശക്തമായ ഒരു നീതിന്യായ വ്യവസ്ഥയും, കെട്ടുറപ്പുള്ള ഭരണകൂടങ്ങളും നിലവിലുള്ള ഇന്ത്യാ രാജ്യത്ത് ഇത്തരം പകൽക്കൊള്ള നടത്തി പാവം പ്രവാസികളെ കഴുത്തറുക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയുന്നില്ലാ എന്നത് വളരെ വേദനാജനകമാണ്.

പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന എല്ലാ സംഘടനകളും വളരെ കാര്യ ഗൗരവത്തിൽ ഇടപെട്ടുകൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഈ നെറികേടിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കണം എന്നും അതിന്റെ മുൻപന്തിയിൽ ഒ എൻ സി പി അണി നിരക്കുന്നു എന്നും ഐക്യകണ്ടേന പ്രഖ്യപിക്കുകയും, ഒ എൻ സി പി യു എ ഇ കമ്മറ്റിയുടെ പ്രതിഷേധം ഇതിലൂടെ അറിയിക്കുകയും ചെയ്യുന്നതായി കമ്മറ്റി പ്രസിഡണ്ട് രവി കൊമ്മേരി, ജന. സി ക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.