- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്ക് ക്വാറന്റൈൻ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു;ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ
കോവിഡ് വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു. ഇന്ത്യയിൽ നിന്നും വാക്സിനെടുക്കാതെ വരുന്നവർ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം. എന്നാൽ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിൽ നിന്ന് വരണമെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തിരിക്കണം എന്ന നിയമത്തിൽ മാറ്റമില്ല.
മറ്റു രാജ്യക്കാർക്കാണ് ഇത് വലിയ ഗുണമുണ്ടാക്കുക. ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ. ഇവരുടെ തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസാണെങ്കിൽ സൗദിയിൽ ക്വാറന്റൈൻ വേണ്ട. നാട്ടിൽ നിന്നും വാക്സിനേഷനും ഇമ്യൂൺ സ്റ്റാറ്റസും ഇല്ലാത്തവർക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റൈന് പുറമെ സൗദിയിലും 5 ദിവസത്തെ ക്വാറന്റൈൻ വേണ്ടി വരും. പുറമെ സൗദിയിലെത്തുന്ന ഒന്നാം ദിനവും അഞ്ചാം ദിനവും കോവിഡ് ടെസ്റ്റും നടത്തണം.
സെപ്റ്റംബർ 23 ന് ഉച്ചക്ക് 12 മുതലാണ് വ്യവസ്ഥ നിലവിൽ വരിക. മാത്രവുമല്ല വാക്‌സിനേഷൻ പൂർത്തിയാക്കാതെ എത്തുന്നവർ സൗദിയിലെത്തിയ ശേഷം ആവശ്യമായ ഡോസുകൾ സ്വീകരിക്കണം. സൗദി അറേബ്യയോ ലോകാരോഗ്യ സംഘടനയോ അംഗീകരിക്കാത്ത സിനോഫാം, സിനോഫാക് എന്നീ വാക്‌സിൻ എടുത്തവർ ഇവിടെ എത്തിയ ശേഷം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചാൽ മതി. സൗദിയിലേക്ക് വിദേശത്ത് നിന്നും പ്രവേശിക്കാൻ അനുമതിയുള്ളവർക്ക് വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളേയും കൊണ്ടു വരാം.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹോം ക്വാറന്റൈൻ നിർബന്ധമാണ്. കുട്ടികൾക്ക് എട്ടു വയസ്സിന് മുകളിലാണ് പ്രായമെങ്കിൽ അഞ്ചാം ദിവസം പി.സി.ആർ ടെസ്റ്റും നിർബന്ധമാണ്. ഇതിന് ശേഷം നെഗറ്റീവ് റിസൾട്ടോടെ പുറത്തിറങ്ങാം. ഇതിനിടെ, സൗദിയിൽ കോവിഡിന്റെ ഭാഗമായി സന്ദർശക വിസകൾ ദീർഘിപ്പിച്ചു നൽകിയിരുന്ന രീതി അവസാനിപ്പിച്ചു. ഇപ്പോൾ പുതുക്കാൻ ശ്രമിക്കുന്നവർക്ക് രണ്ടാഴ്ചക്കകം രാജ്യം വിടാനാണ് നിർദ്ദേശം ലഭിക്കുന്നത്. പുതിയ സന്ദർശക വിസകളിൽ എത്തിയവർക്ക് ഇത് ബാധകമല്ല. അവർക്ക് വിസാ കാലാവധി വരെ പുതുക്കി കൊണ്ട് രാജ്യത്ത് തുടരാം.