മയാമി(ഫ്ളോറിഡ): അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ ഫ്ളോറിഡാ ജ്ാക്സൺ മെമോറിയൽ ആശുപത്രി നഴ്സ് നിവിയാൻ പെറ്റിറ്റ് ഫിലിപ്പ്(39) കുറ്റക്കാരിയാണെന്ന് ഫെഡറൽ കോടതി.സെപ്റ്റംബർ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ പ്രതിക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ കമലഹാരിസിനെ വധിക്കുമെന്ന് കാണിച്ചു 30 സെക്കന്റ് വീതമുള്ള നാലു വീഡിയോ ക്ലിപ്പുകൾ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന് അയച്ചു കൊടുത്തിരുന്നതായി നഴ്സ് സമ്മതിച്ചു. ഇതിൽ ചിലത് സ്വയം റിക്കാർഡ് ചെയ്തതും, ചിലത് മക്കളെ കൊണ്ടു ചിത്രീകരിച്ചതുമായിരുന്നു. തോക്ക് പിടിച്ചു നിൽക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവർ ഇതിൽ പറഞ്ഞിരുന്നത്. കൺസീൽഡ് വെപ്പൺ പെർമിറ്റിനും ഇവർ ഇതിനകം അപേക്ഷ നൽകിയിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ഇവരെ അറസ്റ്റു ചെയ്തു ഇവർ സമൂഹത്തിന് ഭീഷിണിയാണെന്നാണ് അറസ്റ്റിന് കാരണമായി ചൂണ്ടികാണിച്ചിരുന്നത്.കറുത്തവർഗ്ഗക്കാരിയായ ഫിലിപ്പ്സ്, കമലഹാരിസ് യഥാർത്ഥത്തിൽ കറുത്തവർഗ്ഗക്കാരിയല്ലാ എന്നതാണ് ഇവരെ വധിക്കാൻ തീരുമാനിച്ചതിന് പ്രേരിപ്പിച്ചത്. ഇവർക്കെതിരെ ആറ് വകുപ്പുകളാണ് ചാർജ്ജു ചെയ്തിരുന്നത്. ഫെബ്രുവരി 13ന് റിക്കാർഡ് ചെയ്ത വീഡിയോയിൽ കമലഹാരിസ് നിങ്ങൾ മരിക്കുവാൻ പോകുകയാണ് നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു.